ന്യൂഡൽഹി: നിയന്ത്രണരേഖയ്ക്ക് സമീപം വീണ്ടും പ്രകോപനമില്ലാതെ ആക്രമണം നടത്തിയ പാകിസ്ഥാൻ സൈന്യത്തിന് ഇന്ത്യൻ പട്ടാളത്തിന്റെ കനത്ത പ്രഹരം. ഇന്നലെ വൈകുന്നേരം ജമ്മു- കാശ്‌മീരിലെ പൂഞ്ച് ജില്ലയിൽ മെന്ദാർ സെക്ടറിലാണ് പാക് സൈന്യം വെടിവയ്പ്പ് നടത്തിയത്. പാക് സൈന്യത്തിലെ അനേകം പട്ടാളക്കാർ കൊല്ലപ്പെട്ടതായാണ് വിവരം.
നിയന്ത്രണരേഖയ്ക്ക് സമീപത്തായി പാക് സേന ഇന്ത്യൻ സൈന്യത്തിനുനേരെ പത്തുമുതൽ 15 റൗണ്ടുവരെ വെടിയുതിർക്കുകയായിരുന്നു. പാകിസ്ഥാൻ നേരിട്ട നാശനഷ്ടം എത്രയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ലെങ്കിലും അനേകം സൈനികർ കൊല്ലപ്പെട്ടതായാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിഗമനം.
ആക്രമണത്തിന് മുൻപ് ഒരു ഇന്ത്യൻ ജവാന് പരിക്കേറ്റു. ജൂനിയർ കമ്മിഷൻഡ് ഓഫീസറായ അദ്ദേഹം അബദ്ധത്തിൽ കുഴിബോംബിൽ ചവിട്ടുകയായിരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപം പട്രോളിംഗിനിടെയായിരുന്നു അപകടം. പരിക്കേറ്റ ജവാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജമ്മു- കാശ്‌മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപത്തായി അഖ്‌നൂർ സെക്‌ടറിൽ ഭീകരരുടെ ഐഇഡി ആക്രമണത്തിൽ ക്യാപ്‌ടൻ ഉൾപ്പെടെ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് പാക് പട്ടാളത്തിന്റെ വെടിവയ്പ്പ് ഉണ്ടായിരിക്കുന്നത്. 2021 ഫെബ്രുവരി 25ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ കരാർ പുതുക്കിയതിനുശേഷമുണ്ടായ വളരെ അപൂർവ്വമായ വെടിനിർത്തൽ ലംഘനമായാണ് കഴിഞ്ഞദിവസത്തെ ആക്രമണത്തെ വിലയിരുത്തുന്നത്. ഈ വർഷത്തെ ആദ്യ വെടിനിർത്തൽ ലംഘനം കൂടിയാണിത്. അഞ്ചുദിവസത്തിനിടെയുണ്ടായ നാലാമത്തെ അതിർത്തി സംഘർഷവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |