കോട്ടയത്ത് സർക്കാർ നഴ്സിംഗ് കോളേജിലെ ജൂനിയർ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി യുഎൻ ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി രംഗത്ത്. കേസിലെ പ്രതികൾക്ക് അർഹമായ ശിക്ഷ നൽകണമെന്നും ഇരകളുടെ മരണം ഉണ്ടാകുന്ന സംഭവങ്ങളിൽ ഉൾപ്പടെ "കുട്ടികളുടെ ഭാവി" ഓർത്ത് പരിഗണന ലഭിക്കുന്നത് കൊണ്ടാണ് ഈ കാടത്തം നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കുറച്ചു ദിവസം ഇവർ ജയിലിൽ കിടക്കും. കോളേജിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും ഒക്കെ ചെയ്യും. പക്ഷെ ഒരു വർഷത്തിനകം "കുട്ടികളുടെ ഭാവി" ഒക്കെ പ്രധാന വിഷയം ആകും. ഇവരൊക്കെ തിരിച്ചു കോളേജിൽ എത്താനാണ് കൂടുതൽ സാദ്ധ്യത. കോളേജിനകത്തും പുറത്തും ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിച്ചാലും അതിശയിക്കാനില്ല, കാരണം ഒന്നാമത് ചെയ്ത കുറ്റത്തിനുള്ള ശിക്ഷ ഒന്നും അനുഭവിക്കുന്നില്ലല്ലോ. പണവും ബന്ധുബലവും ഉണ്ടെങ്കിൽ എന്ത് കുറ്റം ചെയ്താലും പുറത്തുവരാം എന്ന പാഠം മാത്രമേ അവരും അവരിലൂടെ ഇത്തരം കുറ്റകൃത്യം ചെയ്യാൻ സാദ്ധ്യതയുള്ളവരും പഠിക്കുന്നുള്ളൂ'- മുരളി തുമ്മാരുകുടി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
'അറിവില്ലാത്ത' 'കുട്ടികളുടെ' 'വിനോദങ്ങൾ'
കോട്ടയത്തെ നഴ്സിംഗ് കോളേജിൽ സീനിയർ വിദ്യാർഥികൾ നടത്തിയ റാഗിംഗിന്റെ വീഡിയോ പുറത്തു വരുന്നു. ' വിദ്യാർഥി കരഞ്ഞുനിലവിളിക്കമ്പോൾ വായിലും കണ്ണിലും ലോഷൻ ഒഴിച്ചുനൽകുന്നതും ദൃശ്യങ്ങളിൽ കാണാം. വിദ്യാർത്ഥിയുടെ സ്വകാര്യഭാഗത്ത് ഡംബലുകൾ അടുക്കിവെയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്......
ഇതിനുപിന്നാലെയാണ് 'ഞാൻ വട്ടം വരയ്ക്കാം' എന്നുപറഞ്ഞ് പ്രതികളിലൊരാൾ ഡിവൈഡർ കൊണ്ട് വിദ്യാർഥിയുടെ വയറിൽ കുത്തിപരിക്കേൽപ്പിക്കുന്നത്.......'മതി ഏട്ടാ വേദനിക്കുന്നു' എന്ന് ജൂനിയർ വിദ്യാർഥി കരഞ്ഞുപറഞ്ഞിട്ടും സീനിയർ വിദ്യാർഥികൾ ക്രൂരത അവസാനിപ്പിക്കുന്നില്ല. ..വായിച്ചതേ ഉള്ളൂ, കാണാൻ ഉള്ള കരുത്തില്ല. പക്ഷെ എന്നെ നടുക്കുന്നത് ഇതല്ല. ഇപ്പോൾ സമൂഹത്തിന് ഏറെ ദേഷ്യം ഒക്കെ ഉണ്ട്. കുറച്ചു ദിവസം ഇവർ ജയിലിൽ ഒക്കെ കിടക്കും. കോളേജിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും ഒക്കെ ചെയ്യും.
പക്ഷെ ഒരു വർഷത്തിനകം 'കുട്ടികളുടെ ഭാവി' ഒക്കെ പ്രധാന വിഷയം ആകും. ഇവരൊക്കെ തിരിച്ചു കോളേജിൽ എത്താനാണ് കൂടുതൽ സാധ്യത. കോളേജിനകത്തും പുറത്തും ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിച്ചാലും അതിശയിക്കാനില്ല, കാരണം ഒന്നാമത് ചെയ്ത കുറ്റത്തിനുള്ള ശിക്ഷ ഒന്നും അനുഭവിക്കുന്നില്ലല്ലോ. പണവും ബന്ധുബലവും ഉണ്ടെങ്കിൽ എന്ത് കുറ്റം ചെയ്താലും പുറത്തുവരാം എന്ന പാഠം മാത്രമേ അവരും അവരിലൂടെ ഇത്തരം കുറ്റകൃത്യം ചെയ്യാൻ സാധ്യതയുള്ളവരും പഠിക്കുന്നുള്ളൂ.
കുറ്റകൃത്യത്തിന് ഇരയായവർ ജീവിതകാലം മുഴുവൻ ഈ സംഭവത്തിന്റെ ട്രോമയുമായി ജീവിക്കേണ്ടി വരും. അവരുടെ നഷ്ടത്തിന് ആരും ഉത്തരവാദികൾ ഇല്ല. അവരുടെ കുടുംബങ്ങൾ അനുഭവിക്കുന്ന ദുഖത്തിന് ആർക്കും വിലയില്ല.
വാസ്തവത്തിൽ നിയമപരമായി ഈ ക്രിമിനലുകൾ 'കുട്ടികൾ' ഒന്നുമല്ല. പതിനെട്ട് കഴിഞ്ഞവർ ആണ്. അവർ ചെയ്യുന്നത് അവരുടെ പഠനവുമായി ബന്ധമുള്ള ഒന്നുമല്ല. ഒരു വയലന്റ് ക്രൈം ആണ്. അതിന് നിയമം അനുശാസിക്കുന്ന ശിക്ഷ ഉണ്ട്. അത് കഴിഞ്ഞിട്ട് മതി ഭാവി ഒക്കെ. അങ്ങനെ ആകമ്പോൾ ആണ് ഇത്തരം സംഭവങ്ങൾ അവർത്തിക്കാതിരിക്കുന്നത്. ഇരകളുടെ മരണം സംഭവിക്കുന്ന സംഭവങ്ങളിൽ ഉൾപ്പടെ 'കുട്ടികളുടെ ഭാവി' ഓർത്ത് പരിഗണന ലഭിക്കുന്നത് കൊണ്ടാണ് ഈ കാടത്തം നിലനിൽക്കുന്നത്. അമ്പത് വർഷമായി കാണുന്നതും കേൾക്കുന്നതുമല്ലേ, അതുകൊണ്ട് ഒട്ടും പ്രതീക്ഷയില്ല. എന്നാലും ഈ കേസിലെങ്കിലും പ്രതികൾക്ക് അർഹമായ ശിക്ഷ കിട്ടുമെന്ന് ആഗ്രഹിക്കാമല്ലോ.
മുരളി തുമ്മാരുകുടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |