ആദായ നികുതി ബിൽ സെലക്ട് കമ്മിറ്റിക്ക്
ബിൽ ലോകസഭയിൽ അവതരിപ്പിച്ചു
ന്യൂഡൽഹി: അസസ്‌മെന്റ് വർഷം ഒഴിവാക്കി 'നികുതി വർഷം' എന്ന പുതിയ ആശയം അടക്കം മാറ്റങ്ങളുള്ള പുതിയ ആദായ നികുതി ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. വ്യവസ്ഥകൾ പരിശോധിക്കാൻ ബിൽ സെലക്ട് കമ്മിറ്റിക്ക് വിട്ടു. ഇതോടെ ബഡ്‌ജറ്റ് സമ്മേളനത്തിന്റെ ആദ്യ പാദം അവസാനിച്ചു. മാർച്ച് 10ന് രണ്ടാം പാദം തുടങ്ങും.
പുതിയ ബില്ലിൽ വകുപ്പുകൾ 800ൽ നിന്ന് 536ആയി കുറച്ചിട്ടുണ്ടെന്നും വ്യവസ്ഥകൾ ലളിതമായ ഭാഷയിലാണെന്നും ധനമന്ത്രി നിർമ്മലാ സീതാരാമൻ വിശദീകരിച്ചു. നിയമത്തിൽ ഘടനാപരമായ മാറ്റങ്ങളില്ല. 1961-ൽ പാസാക്കിയ നിലവിലെ നിയമം നിരവധി ഭേദഗതികൾക്ക് വിധേയമായതിനാൽ ഘടനയും ഭാഷയും സങ്കീർണമായെന്നും നിർമ്മലാ സീതാരാമൻ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്തിന് എതിർപ്പ്
ബിൽ അവതരണത്തിനിടെ പ്രതിപക്ഷ അംഗങ്ങൾ വാക്കൗട്ട് ചെയ്‌തു. പുതിയ ബിൽ സങ്കീർണമാണെന്ന് കോൺഗ്രസ് എംപി മനീഷ് തിവാരിയും ആർ.എസ്.പി എംപി എൻ.കെ.പ്രേമചന്ദ്രനും തൃണമൂൽ എംപി സൗഗത റോയിയും പറഞ്ഞു. 1961 ലെ ആദായനികുതി നിയമം ഉദ്ദേശ്യം നിറവേറ്റുണ്ടെന്നും എല്ലാ വർഷവും ഭേദഗതി ചെയ്യുന്നതിനാൽ പുതിയ ബില്ലുകൾ അവതരിപ്പിക്കേണ്ടതില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
സ്പീക്കർ തീരുമാനിക്കും
സെലക്ട് കമ്മിറ്റി രൂപീകരിക്കാൻ സ്പീക്കർ ഓം ബിർളയെ അധികാരപ്പെടുത്തുന്ന പ്രമേയം മന്ത്രി അവതരിപ്പിച്ചു. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിന്റെ ആദ്യ ദിവസം കമ്മിറ്റി റിപ്പോർട്ട് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |