തിരുവനന്തപുരം: പി.സി. ചാക്കോ രാജി വച്ച ഒഴിവിൽ എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് തോമസ് കെ.തോമസിനെ നിർദ്ദേശിച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന് ഈ നിർദ്ദേശം അറിയിച്ച് ഇമെയിൽ സന്ദേശവുമയച്ചു. നേതൃത്വം ആവശ്യപ്പെട്ടാൽ ചുമതല ഏറ്റെടുക്കുമെന്ന നിലപാടിലാണ് തോമസ് കെ.തോമസും. ഇതോടെ എൻ.സി.പി കേരള ഘടകത്തിൽ ചാക്കോയുടെ നില ദുർബ്ബലമായി.
തോമസ് കെ. തോമസിനെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശുപാർശ ചെയ്തെങ്കിലും ദേശീയ നേതൃത്വം എടുക്കുന്ന തീരുമാനമാവും അംഗീകരിക്കുക എന്ന് ശശീന്ദ്രൻ കേരളകൗമുദിയോട് പറഞ്ഞു. ഇക്കാര്യം തോമസിനെയും ധരിപ്പിച്ചിട്ടുണ്ട്. സംസ്ഥാന പാർട്ടിയിൽ ഉടലെടുത്ത അസ്വാരസ്യങ്ങൾ രമ്യമായി പരിഹരിച്ച് പോവുക എന്നതാണ് എ.കെ.ശശീന്ദ്രൻ പക്ഷത്തിന്റെ നിലപാട്. ഇതിനോട് സമരസപ്പെടുകയാണ് യുക്തിപരമായ തീരുമാനമെന്ന് തോമസ് കെ.തോമസ് പക്ഷവും കരുതുന്നു.
എന്നാൽ മന്ത്രിമാറ്റമെന്ന ആവശ്യവുമായി തനിക്കൊപ്പം നിന്നിട്ട് അവസാന നിമിഷത്തിൽ മറുകണ്ടം ചാടിയ തോമസ് സംസ്ഥാന അദ്ധ്യക്ഷ പദവിലെത്തുന്നതിന് തടയിടാൻ ചാക്കോയും ശ്രമിക്കുന്നതായാണ് അറിയുന്നത്. മറ്റു ചില നേതാക്കളുടെ പേര് ഈ സ്ഥാനത്തേക്ക് അദ്ദേഹം ഉയർത്തിക്കൊണ്ടുവരാം. പവാറിലുള്ള ചാക്കോയുടെ സ്വാധീനമനുസരിച്ചാവും തീരുമാനം. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.സുരേഷ് ബാബു, ജനറൽ സെക്രട്ടറി കെ.ആർ.രാജൻ എന്നിവരുടെ പേരുകളാവും ഉയർന്നുവരാൻ സാദ്ധ്യത. ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ ജില്ലാ നേതാക്കളുടെ പിന്തുണയുള്ള ശശീന്ദ്രൻ പക്ഷത്തിന്റെ കൂടി പിന്തുണയില്ലാതെ ദേശീയ നേതൃത്വം തീരുമാനമെടുക്കാൻ സാദ്ധ്യതയില്ല. മാത്രമല്ല, എൽ.ഡി.എഫിൽ ശശീന്ദ്രനുള്ള സ്വീകാര്യതയും മുഖ്യമന്ത്രിക്ക് അദ്ദേഹത്തോടുള്ള അനുഭാവവും കണ്ടില്ലെന്ന് നടിക്കാനാവില്ല. അടുത്ത രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ സംസ്ഥാന അദ്ധ്യക്ഷന്റെ കാര്യത്തിൽ തീരുമാനം വന്നേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |