ന്യൂഡൽഹി: വന്യജീവി ആക്രമണങ്ങൾ പതിവാകുന്നതിലും കേരള തീരത്ത് മണൽ ഖനനം നടത്താനുള്ള കേന്ദ്ര തീരുമാനത്തിലും പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് എം.പിമാരാണ് പ്രതിഷേധിച്ചത്.
രണ്ടു മാസത്തിനുള്ളിൽ വന്യജീവി ആക്രമണത്തിൽ ഏഴ് പേരാണ് തന്റെ മണ്ഡലത്തിൽ മാത്രം കൊല്ലപ്പെട്ടതെന്നും സ്ഥിതി അത്യന്തം ആശങ്കാജനകമാണെന്നും വയനാട് എം.പി പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഉദ്യോഗസ്ഥ തലത്തിൽ സംസാരിക്കുമ്പോൾ ഫണ്ടുകളുടെ അപര്യാപ്തതയാണ് ചൂണ്ടിക്കാണിക്കുന്നത്. മൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
ചട്ടം മാറ്റാനാകില്ല
അപകടകാരികളായ വന്യജീവികളെ പിടികൂടുന്നതും കൊല്ലുന്നതും സംബന്ധിച്ച ചട്ടങ്ങളിൽ യാതൊരു മാറ്റവും വരുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ഡോ. വി. ശിവദാസൻ എം.പിയെ അറിയിക്കുകയായിരുന്നു. ഷെഡ്യൂൾ ഒന്ന്, രണ്ടിൽപ്പെട്ട ആന, കടുവ, സിംഹം, പുള്ളിപ്പുലി തുടങ്ങിയവയുടെ എണ്ണം വർദ്ധിച്ചെന്നും അറിയിച്ചു. 2022ലെ കണക്കുപ്രകാരം കേരളത്തിൽ 213 കടുവകളാണുള്ളത്. പുള്ളിപ്പുലികൾ 570. ആനകളുടെ എണ്ണത്തിൽ കൃത്യമായ കണക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |