കൊച്ചി: പക്ഷാഘാതം വന്ന് എഴുന്നേറ്റു നിൽക്കാൻ കഴിയാത്ത ഇൻവെസ്റ്റിഗേറ്റർ സി.ബി. സുനിൽകുമാറിനെ കൊൽക്കത്തയിലേക്ക് സ്ഥലം മാറ്റിയ കയർ ബോർഡ് അദ്ദേഹത്തിന് പകുതി ശമ്പളം അനുവദിച്ച് ഉത്തരവിറക്കി. സ്ഥലംമാറ്റത്തെ തുടർന്ന് ലീവെടുത്ത അഞ്ച് മാസത്തെ പകുതി ശമ്പളമാണ് നൽകിയത്. 2024 സെപ്തംബർ 24 മുതലുള്ള ശമ്പളം അനുവദിക്കണമെന്നാണ് ഡെവലപ്‌മെന്റ് ഓഫീസറുടെ (എ.ഡി.എം) ഉത്തരവ്. ഇന്നലെ മുതലുള്ള അവധി നീട്ടാൻ ഏൺഡ് ലീവിനുള്ള പുതിയ അപേക്ഷ നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
അഴിമതിക്കെതിരെ പ്രതികരിച്ചതിന് മേലുദ്യോഗസ്ഥരുടെ മാനസികപീഡനം മൂലം പക്ഷാഘാതം വന്ന് സെക്ഷൻ ഓഫീസർ ജോളി മധു മരിച്ച സംഭവം വിവാദമായതിനെ തുടർന്നാണ് മറ്റുള്ളവരുടെ ദുരനുഭവങ്ങളും പുറത്തുവന്നത്. തുടർന്നാണ് ശമ്പളം അനുവദിച്ച് ഉത്തരവായത്.
വീണ്ടും മെഡിക്കൽ ബോർഡ്?
ഹൈക്കോടതിയിലേക്കെന്ന് കുടുംബം
സുനിലിന്റെ ട്രാൻസ്ഫർ സംബന്ധിച്ച് പുതിയ വിവരങ്ങളില്ലെങ്കിലും കേരളത്തിനു പുറത്ത് വീണ്ടും മെഡിക്കൽ ബോർഡ് രൂപീകരിക്കാനാണ് ശ്രമമെന്നാണ് സൂചന. എറണാകുളം ജനറൽ ആശുപത്രിയിലെയും കളമശേരി മെഡിക്കൽ കോളേജിലെയും മെഡിക്കൽ ബോർഡുകളുടെ റിപ്പോർട്ടുകൾ സുനിൽ കുമാറിന് അനുകൂലമായിരുന്നു. വീണ്ടും പീഡിപ്പിക്കാനാണ് ശ്രമമെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് മകൻ സിദ്ധാർഥ് പറഞ്ഞു. തൃപ്പൂണിത്തുറ ഹിൽപാലസിന് സമീപം തലോടിൽ വീട്ടിൽ സുനിൽ കുമാർ ഭാര്യ രജനിക്കും മക്കളായ സിദ്ധാർത്ഥിനും സംഗമിത്രയ്ക്കുമൊപ്പമാണ് താമസം.
രണ്ടുതവണ പക്ഷാഘാതം വന്ന് സംസാരിക്കാൻ പോലും കഴിയാത്ത അച്ഛൻ സുനിൽകുമാറിനെ ചെയർമാൻ വിപുൽ ഗോയൽ ഇടപെട്ടാണ് ആറ് മാസം മുമ്പ് സ്ഥലം മാറ്റിയതെന്ന് മകൻ ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |