കൊച്ചി: സർക്കാർ ഉത്തരവുകൾ സർക്കാർ ജീവനക്കാർ പോലും പാലിക്കാത്ത സാഹചര്യമാണ് കേരളത്തിലെന്ന് ഹൈക്കോടതി. സെക്രട്ടേറിയറ്റിന് മുന്നിൽ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ (കെ.എസ്.ഇ.എ) ബോർഡ് സ്ഥാപിച്ചതിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായി അറിയിക്കാതെ സർക്കാർ നൽകിയ സത്യവാങ്മൂലം തള്ളിയായിരുന്നു വിമർശനം. അടുത്തയാഴ്ച പുതിയ സത്യവാങ്മൂലം നൽകണം. അനുസരിക്കാത്തവർക്കെതിരെ അച്ചടക്ക നടപടിയാണ് വേണ്ടത്. കുറ്റക്കാരെ സർക്കാർ സംരക്ഷിക്കുകയാണെങ്കിൽ അരാജകത്വമായിരിക്കും ഫലമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി.
ഹൈക്കോടതിയുടെയും സർക്കാരിന്റെയും ഉത്തരവുകൾ മറികടന്ന് സെക്രട്ടേറിയേറ്റിന് മുന്നിൽ ബോർഡ് സ്ഥാപിച്ചവർക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ അച്ചടക്കനടപടിയെക്കുറിച്ച് വ്യക്തമാക്കാതെയാണ് അഡിഷണൽ ചീഫ് സെക്രട്ടറി സത്യവാങ്മൂലം ഫയൽ ചെയ്തത്. സർക്കാർ ഉദ്യോഗസ്ഥൻ ഒരാളെ കൊലപ്പെടുത്തിയാൽ അയാൾക്കെതിരെ ക്രിമിനൽ കേസെടുക്കുന്നതിനു പുറമെ,അച്ചടക്കനടപടിയും സ്വീകരിക്കില്ലേയെന്ന് കോടതി ചോദിച്ചു.
നടപടി വേണം
കോടതിയുടെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ, അച്ചടക്ക നടപടികൾ സ്വീകരിക്കണം. ഓരോ ബോർഡിനും 5000 രൂപ പിഴയ്‌ക്കു പുറമെ അവ നീക്കാനുള്ള ചെലവും ഈടാക്കണം.
കോടതി ഒരു കാര്യം ചോദിക്കുമ്പോൾ മറ്റൊരു മറുപടി നൽകുന്നത് ന്യായീകരിക്കാനാവില്ല. ചോദ്യം മനസിലായില്ലെങ്കിൽ അഡി. ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരിക്കാം.
നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ ഭയക്കേണ്ട. കോടതി കൂടെയുണ്ട്.
കുന്നംകുളം ചെയർപേഴ്‌സണ് നോട്ടീസ്
അനധികൃത ബോർഡുകൾ മാറ്റുന്നതിൽ കോടതി ഉത്തരവ് ലംഘിച്ച കുന്നംകുളം നഗരസഭാ ചെയർപേഴ്‌സണ് കോടതിഅലക്ഷ്യത്തിന് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. അടുത്തയാഴ്ച വിഷയം പരിഗണിക്കുമ്പോൾ നേരിട്ട് ഹാജരാകണം.
സി.പി.എം കാസർകോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട്ട് സ്ഥാപിച്ച ബോർഡുകളും കൊടികളും നീക്കം ചെയ്യാനെത്തിയ നഗരസഭാ ജീവനക്കാരെ പാർട്ടിക്കാർ തടഞ്ഞതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡി.ജി.പി.ക്ക് നിർദ്ദേശം നൽകി. എറണാകുളം തമ്മനത്ത് ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ കോർപ്പറേഷൻ അധികൃതർ നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |