വാഷിംഗ്ടൺ: രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യു.എസിൽ ഊഷ്‌മള സ്വീകരണം. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ ആൻഡ്രൂസ് എയർ ഫോഴ്‌സ് ബേസിൽ വിമാനമിറങ്ങിയ മോദി വാഷിംഗ്ടണിലെ പ്രസിഡൻഷ്യൽ ഗസ്‌റ്റ് ഹൗസായ 'ബ്ലെയർ ഹൗസിൽ " തങ്ങി. കടുത്ത ശൈത്യവും മഴയും അവഗണിച്ച് നൂറുകണക്കിന് ഇന്ത്യൻ അമേരിക്കൻ വംശജരാണ് മോദിയെ സ്വീകരിക്കാൻ ഇവിടെയെത്തിയത്.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമൊത്തുള്ള ഉഭയകക്ഷി കൂടിക്കാഴ്ച ഇന്ന് നടക്കും. താരിഫ് മുതൽ കുടിയേറ്റം വരെയുള്ള നിർണായക വിഷയങ്ങൾ ചർച്ചയാകും. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ വൈറ്റ്ഹൗസിൽ നടക്കുന്ന ചർച്ചയ്ക്ക് പിന്നാലെ ഇരുവരും നടത്തുന്ന സംയുക്ത വാർത്താ സമ്മേളനത്തിൽ നിർണായക പ്രഖ്യാപനങ്ങളുണ്ടാകും. മോദിക്കായി ട്രംപിന്റെ വക അത്താഴ വിരുന്നുമുണ്ട്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നതിലെ നിലപാട് ഇരുനേതാക്കളും വ്യക്തമാക്കും. നാടുകടത്തപ്പെടുന്നവരോട് മാന്യമായ പെരുമാറ്റം ഉറപ്പാക്കണമെന്ന് മോദി ആവശ്യപ്പെടും. ട്രംപ് അധികാരമേറ്റ ശേഷം കൂടിക്കാഴ്ച നടത്തുന്ന ആദ്യ വിദേശ നേതാക്കളിൽ ഒരാളാണ് മോദി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബ, ജോർദ്ദാനിലെ അബ്ദുള്ള രാജാവ് എന്നിവരുമായി ട്രംപ് കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടത്തിയിരുന്നു.
# മോദിയുടെ ലക്ഷ്യങ്ങൾ
ഇന്ത്യക്കെതിരെ ട്രംപ് ഏർപ്പെടുത്താൻ സാദ്ധ്യതയുള്ള വ്യാപാര നിയന്ത്രണങ്ങൾ തടയുക
ഉയർന്ന താരിഫുകൾ ഒഴിവാക്കി വ്യാപാരം വിപുലമാക്കുക
നിക്ഷേപം, ഊർജ്ജം, പ്രതിരോധം, ടെക്നോളജി, കുടിയേറ്റം, ഇന്തോ - പസഫിക് എന്നിവയും അജണ്ട
യു.എസിൽ നിന്ന് സൈനിക വിമാനങ്ങൾ വാങ്ങുന്നതും ചർച്ചയാകും
യു.എസിൽ നിന്നുള്ള ദ്രവീകൃത പ്രകൃതിവാതകം, യുദ്ധ വാഹനങ്ങൾ, ജെറ്റ് എൻജിൻ എന്നിവയുടെ വാങ്ങൽ വർദ്ധിപ്പിച്ചേക്കും
# മസ്‌കിനെ കണ്ടു
ശതകോടീശ്വരനും ടെസ്‌ല മേധാവിയുമായ ഇലോൺ മസ്‌ക്, നാഷണൽ ഇന്റലിജൻസ് ഡയറക്‌ടർ തുൾസി ഗബ്ബാർഡ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ വാൾട്ട്സ്, ഇന്ത്യൻ വംശജനും റിപ്പബ്ലിക്കൻ പാർട്ടി അംഗവുമായ വിവേക് രാമസ്വാമി, ബിസിനസ് പ്രമുഖർ എന്നിവരുമായി മോദി ചർച്ച നടത്തി. ഇന്ത്യയിലെ സ്റ്റാർലിങ്ക് പ്രവർത്തനത്തിനുള്ള ലൈസൻസ്, സ്‌പേസ് എക്‌സ്- ഐ.എസ്.ആർ.ഒ സഹകരണം, ഇലക്ട്രിക് വാഹനങ്ങളുടെ താരിഫ് കുറയ്ക്കൽ എന്നിവ മസ്‌ക്-മോദി കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് സൂചന. മക്കളുമൊത്താണ് മസ്‌ക് മോദിയെ കാണാനെത്തിയത്. പ്രധാനമന്ത്രിയായിരിക്കെ യു.എസിലേക്കുള്ള മോദിയുടെ പത്താമത്തെ സന്ദർശനമാണിത്.
# വീണ്ടും ട്രംപിന്റെ താരിഫ് പ്രഹരം
വാഷിംഗ്ടൺ: യു.എസിലേക്കുള്ള ഇറക്കുമതിക്ക് 'പരസ്പര താരിഫ്" (റെസിപ്രോക്കൽ താരിഫ് ) ബാധകമാക്കാനുള്ള ഉത്തരവിൽ ഒപ്പിടുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകൾക്ക് മുമ്പ് സോഷ്യൽ മീഡിയയിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. ഇന്ന് പുലർച്ചെ തന്നെ ട്രംപ് ഉത്തരവിൽ ഒപ്പിടുമെന്നാണ് സൂചന. ഏത് രാജ്യത്തെയാണ് താരിഫ് ബാധിക്കുകയെന്ന് ട്രംപ് വ്യക്തമാക്കിയില്ല. എന്നാൽ ഇന്ത്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളെ ബാധിച്ചേക്കും. യു.എസ് ഉത്പന്നങ്ങൾക്ക് ഉയർന്ന താരിഫ് ചുമത്തുന്ന രാജ്യങ്ങൾക്ക് അതേ നിരക്കിലെ താരിഫ് തിരിച്ച് ചുമത്തുന്നതാണ് പരസ്പര താരിഫ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ അമേരിക്കൻ ഉത്പന്നങ്ങൾക്ക് കൂടുതൽ താരിഫ് ചുമത്തുന്ന രണ്ട് ഏഷ്യൻ രാജ്യങ്ങളാണ് ഇന്ത്യയും തായ്‌ലൻഡും. യു.എസ് കുറഞ്ഞ താരിഫാണ് ഇരുരാജ്യങ്ങളുടെയും ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |