ടെൽ അവീവ്: ഗാസയിലെ വെടിനിറുത്തൽ കരാർ പ്രകാരമുള്ള ഇസ്രയേലി ബന്ദികളുടെ മോചനം നിശ്ചയിച്ച സമയത്ത് നടത്തുമെന്ന് ഹമാസ്. നാളെ മൂന്ന് ബന്ദികളെയാണ് ഹമാസ് മോചിപ്പിക്കുക. ഇസ്രയേൽ കരാർ ലംഘനം നടത്തിയെന്നും ഇവരെ മോചിപ്പിക്കില്ലെന്നും ഹമാസ് ഈ ആഴ്ച ആദ്യം ഭീഷണി മുഴക്കിയിരുന്നു. എന്നാൽ, ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ വീണ്ടും യുദ്ധം തുടങ്ങുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ഇതോടെയാണ് ഹമാസ് നിലപാട് മയപ്പെടുത്തിയത്. കരാർ പാലിക്കാൻ പ്രതിജ്ഞാബന്ധമാണെന്ന് ഹമാസ് പ്രസ്താവനയിൽ വ്യക്തമാക്കി. നാളെ ഉച്ചയോടെ ഗാസയിലുള്ള 'മുഴുവൻ ബന്ദികളേയും" (76 പേർ) മോചിപ്പിക്കണമെന്നും അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മുന്നറിയിപ്പ് നൽകിയിരുന്നു. ട്രംപ് പറഞ്ഞ പോലെ മുഴുവൻ ബന്ദികളെയും വിട്ടയക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടിട്ടില്ല. ജനുവരി 19നാണ് ഗാസയിൽ ആറാഴ്‌ചത്തെ ആദ്യഘട്ട വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നത്. 33 ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാനാണ് കരാറിലെ ധാരണ. ഇതുവരെ 16 ഇസ്രയേലി ബന്ദികളെ ഹമാസ് വിട്ടയച്ചു. ബന്ദിയാക്കപ്പെട്ട 5 തായ്ലൻഡ് പൗരന്മാരെയും മോചിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |