ബംഗളൂരു: ചെന്നൈ,ബംഗളൂരു,ഹൈദരാബാദ് എന്നീ മൂന്ന് നഗരങ്ങളെ ബന്ധിപ്പിക്കാൻ അതിവേഗ റെയിൽവേ ഇടനാഴി പദ്ധതി അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. ഇതോടെ മൂന്ന് നഗരങ്ങളിലേക്കും യാത്ര ചെയ്യാനുളള സമയം കുറയ്ക്കാൻ സാധിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുക്കൂട്ടൽ. ഹൈദരാബാദിൽ നിന്ന് ബംഗളൂരുവിലേക്ക് വെറും രണ്ട് മണിക്കൂർ കൊണ്ട് യാത്ര ചെയ്യാനാകും വിധത്തിലാണ് പദ്ധതി ഒരുങ്ങുന്നത്. ശേഷം ബംഗളൂരുവിൽ നിന്ന് 20 മിനിട്ട് കൊണ്ട് ചെന്നൈയിലേക്കുമെത്താം.
ഇതോടെ മൂന്ന് നഗരങ്ങളിലും യാത്ര ചെയ്യാനെടുക്കുന്ന സമയം പത്ത് മണിക്കൂർ വരെ കുറയ്ക്കാനാകും. 320 കിലോമീറ്റർ വേഗതയിലായിരിക്കും അതിവേഗ റെയിൽ ഇടനാഴിയിൽ ട്രെയിൻ സഞ്ചരിക്കുക. പുതിയ പദ്ധതി നടപ്പിലാക്കുന്നതോടെ, മൂന്ന് നഗരങ്ങളിൽ സഞ്ചരിക്കുന്നതിന് വിമാനയാത്രയേക്കാൾ കൂടുതൽ സൗകര്യം ഒരുങ്ങും.
സാധാരണ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്താൻ ഒരു മണിക്കൂർ 15 മിനിട്ടാണ് ആവശ്യം. അതുപോലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്താൻ എടുക്കുന്ന സമയം ഒരു മണിക്കൂർ 20 മിനിട്ടാണ്. എന്നാൽ ബോർഡിംഗും മറ്റു സുരക്ഷാപരിശോധനകളും ഉൾപ്പെടെ കഴിയുമ്പോൾ ഇത് മൂന്ന് മണിക്കൂറിൽ കൂടുന്ന അവസ്ഥയാണ് ഉളളത്.
പുതിയ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വിമാനത്തേക്കാൾ വേഗത്തിൽ ട്രെയിനിൽ യാത്ര ചെയ്യാനുളള സാദ്ധ്യതയാണ് ഒരുങ്ങുന്നത്. ഹൈദരാബാദ് -ചെന്നൈ അതിവേഗ ഇടനാഴിക്ക് 705 കിലോമീറ്റർ നീളവും ഹൈദരാബാദ് - ബംഗളൂരു ഇടനാഴിക്ക് 626 കിലോമീറ്റർ നീളവുമാണ് പദ്ധതിയിൽ കണക്കാക്കിയിട്ടുള്ളത്. നിലവിൽ സർക്കാർ കൺസൾട്ടൻസി സ്ഥാപനമായ റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് എക്കണോമിക് സർവീസ് ലിമിറ്റഡ് (ആർഐറ്റിഇഎസ്) അവസാനഘട്ട സർവ്വേ നടത്തുന്നതിനായുളള ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്. പദ്ധതിക്കായി 33 കോടി രൂപ ചെലവാകുമെന്നാണ് കരുതുന്നത്. ഈ ഇടനാഴികളിൽ കൂടി അതിവേഗ ട്രെയിനുകൾ മാത്രമായിരിക്കും സർവീസ് നടത്തുക. മുംബയ്- അഹമ്മദാബാദ് അതിവേഗ ഇടനാഴിയുടെ മാതൃകയിലായിരിക്കും പുതിയ ഇടനാഴി രൂപക്കൽപ്പന ചെയ്യുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |