കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രമുറ്റത്ത് ചോര ചിന്തി. ക്ഷേത്രാത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തിൽ പൊലിഞ്ഞത് മൂന്നു ജീവൻ. കാട്ടാനക്കൊമ്പിൽ കുരുതി കൊടുക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നതിനിടെയാണ് നാട്ടാനയുടെ പരാക്രമവും. ആരാണ് കാരണക്കാർ? ഒരന്വേഷണം 'കൊമ്പിൻ തുമ്പിലോ കുരുതി?' ഇന്നു മുതൽ.
ഗുരുവായൂർ ദേവസ്വം ആനയായ പീതാംബരൻ, ദേവസ്വത്തിൻ്റെ തന്നെ ഗോകുലിനെ കുത്തിയത് എന്തുകൊണ്ട്? ഏതു ഘട്ടത്തിലാണ് പീതാംബരൻ പ്രകോപിതനായത്? എല്ലാവർക്കും അറിയേണ്ടത് ഇതാണ്. എന്നാൽ യാതൊരു വ്യക്തതയുമില്ല. പ്രശ്നത്തിൽ സർക്കാരും വനം വകുപ്പും ഗുരുവായൂർ ദേവസ്വവും വിശദീകരണം നൽകണം. പരസ്പരം പഴി ചാരാനും തടിതപ്പാനുമുള്ള ശ്രമവും തകൃതി. ഉത്സവങ്ങൾക്കിടെ ആനകളിടയുന്നത് ഒഴിവാക്കാൻ ക്രിയാത്മക നിർദ്ദേശങ്ങളില്ല താനും.
വാദം
പടക്കം പൊട്ടിയതിനെ തുടർന്ന് ഭയന്ന് പീതാംബരൻ ഗോകുലിനെ കുത്തിയിരിക്കാമെന്നാണ് ഗുരുവായൂർ ദേവസ്വത്തിൻ്റെ വിലയിരുത്തൽ. മുന്നറിയിപ്പില്ലാതെ പടക്കം പൊട്ടിച്ചതും പ്രകോപനമുണ്ടാക്കിയിരിക്കാം. ഭയന്ന പീതാംബരന് ഓടിമാറാനായില്ല. അപ്പോഴായിരിക്കാം ഗോകുലിനെ കുത്തിയത്. ആനയ്ക്ക് തൊട്ടടുത്ത് ആൾക്കൂട്ടമുണ്ടായിരുന്നു. അതു പാടുള്ളതാണോ? അതിരിക്കട്ടെ, ആളുകളെ ഉപദ്രവിക്കലാണ് ലക്ഷ്യമെങ്കിൽ മരണസംഖ്യ കൂടുമായിരുന്നല്ലോ. കെട്ടിടം തകർന്നുവീണ് പരിക്കേറ്റവരാണ് മരിച്ചത്. ആനകൾ ദൂരേയ്ക്ക് ഓടുകയാണുണ്ടായത്.
മറുവാദം
ആന പ്രകോപിതനാകും മുമ്പും പടക്കം പൊട്ടിയിരുന്നു. അപ്പോഴൊന്നും കുഴപ്പമുണ്ടായിരുന്നില്ല. എന്നാൽ കൂട്ടാനയെ കുത്തുന്ന സ്വഭാവം പീതാംബരനുണ്ടത്രെ. മുന്നിൽ പോകാൻ മറ്റാനയെ അനുവദിക്കാറുമില്ല. ആനകളാണ് പ്രശ്നമുണ്ടാക്കിയത്. പീതാംബരൻ്റെ പശ്ചാത്തലം കമ്മിറ്റിക്കാർക്ക് മനസിലായില്ല. ഇത്തരം ആനകളെ പരിപാടികൾക്ക് അയക്കരുത്.
ദേവസ്വം പറയുന്നത്
പീതാംബരൻ കൂട്ടാനയെ കുത്താറില്ല. ഗുരുവായൂരിലും മറ്റ് ക്ഷേത്രങ്ങളിലും എഴുന്നെള്ളിപ്പിന് അയക്കാറുണ്ട്. അപ്പോഴൊന്നും പ്രശ്നമുണ്ടാക്കിയിട്ടില്ല. പ്രശ്നക്കാരായ കൊമ്പന്മാരെ ഒരെഴുന്നെള്ളിപ്പിനും അയക്കാറില്ല. ഡോക്ടർ പരിശോധിച്ച ശേഷമേ എഴുന്നെള്ളിപ്പിന് അയക്കാറുള്ളൂ.
മറ്റൊരാനയെ ഉടമ പിൻവലിച്ചു
ഇതേ ക്ഷേത്രത്തിൽ എഴുന്നെള്ളിപ്പിന് കൊണ്ടുവന്ന അമ്പാടി ബാലനാരായണൻ എന്ന ആന അസ്വസ്ഥത കാണിച്ചതിനെ തുടർന്ന് ഉടമ പിൻവലിക്കുകയായിരുന്നു. കമ്മിറ്റിക്കാരുടെ എതിർപ്പിനെ അവഗണിച്ചാണിത്. നഷ്ടമുണ്ടാകുമെന്നും അവസാനനിമിഷം മറ്റൊരാനയെ കണ്ടെത്താനാകില്ലെന്നും കമ്മിറ്റിക്കാർ പറഞ്ഞുവത്രെ. നഷ്ടപരിഹാരവും ആവശ്യപ്പെട്ടു. അത് നൽകിയാണ് ഉടമ ആനയെ പിൻവലിച്ചത്. പിന്നീട് വലിയ തുകയ്ക്ക് ലേലത്തിലെടുത്താണ് ഗുരുവായൂരിലെ ആനകളെ എഴുന്നെള്ളിപ്പിന് കൊണ്ടുവന്നത്.
ഏക്കം ഇങ്ങനെ (തീയതി, തുക)
ഗുരുവായൂർ പീതാംബരൻ
12ന് 81,000, 13ന് 30,000
ഗുരുവായൂർ ഗോകുൽ
13ന് 60,000
നാളെ: ഉത്സവം നടത്താം, പക്ഷേ...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |