കൊച്ചി: ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ എട്ടാം ദിവസവും കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ ചർച്ചയിലും തീരുവയിലെ ആശങ്കകൾ ഒഴിവാകാത്തതാണ് ഇന്നലെ തിരിച്ചടിയായത്. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 199.76 പോയിന്റ് നഷ്‌ടവുമായി 75,939.21ൽ അവസാനിച്ചു. നിഫ്‌റ്റി 102 പോയിന്റ് ഇടിഞ്ഞ് 22,929ൽ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളുടെ വിലയിലാണ് കനത്ത തകർച്ചയുണ്ടായത്. 2024ന് ശേഷം ആദ്യമായി സെൻസെക്സിൽ ലിസ്‌റ്റ് ചെയ്ത കമ്പനികളുടെ മൂല്യം 400 ലക്ഷം കോടി രൂപയിലും താഴ്ന്നു.
വിദേശ നിക്ഷേപകരുടെ പിന്മാറ്റമാണ് ഓഹരി വിപണിയിലെ തകർച്ച രൂക്ഷമാക്കുന്നത്. നടപ്പുവർഷം ആദ്യ ഒന്നര മാസത്തിനിടെയിൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഒരു ലക്ഷം കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത്.
ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ കനത്ത തകർച്ചയും ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ കമ്പനികളുടെ ലാഭത്തിലും വിറ്റുവരവിലുമുണ്ടായ ഇടിവുമാണ് വിദേശ നിക്ഷേപകരുടെ പിൻമാറ്റത്തിന് കാരണം. കേരളം ആസ്ഥാനമായ കൊച്ചിൻ ഷിപ്പ്‌യാർഡ്, ഫാക്‌ട്, ഫെഡറൽ ബാങ്ക്, കല്യാൺ ജുവലേഴ്‌സ്, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയവയുടെയെല്ലാം ഓഹരികൾ കനത്ത നഷ്‌ടമാണ് നേരിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |