മ്യൂച്വൽ ഫണ്ടുകളിലേക്ക് പണമൊഴുക്ക് കൂടുന്നു
കൊച്ചി: ഇന്ത്യൻ ഓഹരി വിപണി കനത്ത വിൽപ്പന സമ്മർദ്ദം നേരിടുമ്പോഴും ആഭ്യന്തര റീട്ടെയിൽ നിക്ഷേപകരുടെ ആവേശം കുറയുന്നില്ല. ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലും സിസ്റ്റമാറ്റിക് ഇൻവെസ്‌റ്റ്മെന്റ് പ്ളാനുകളിലേക്കുമാണ് വലിയ തോതിൽ നിക്ഷേപം ഒഴുകിയെത്തുന്നത്. അസോസിയേഷൻ ഒഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യയുടെ(എ.എം.എഫ്.ഐ) കണക്കുകളനുസരിച്ച് ജനുവരിയിൽ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽ 39,687 കോടി രൂപയുടെ നിക്ഷേപമാണെത്തിയത്. ഡിസംബറിലെ നിക്ഷേപം 41,155 കോടി രൂപയായിരുന്നു.
വിദേശ ഫണ്ടുകൾ വൻതോതിൽ ഇന്ത്യൻ ഓഹരികൾ വിറ്റുമാറുന്നതിനിടെയിലാണ് ആഭ്യന്തര ചെറുകിട നിക്ഷേപകർ ആവേശത്തോടെ വിപണിയിലേക്ക് പണമൊഴുക്കുന്നത്. മ്യൂച്വൽ ഫണ്ട് അക്കൗണ്ടുകളുടെ എണ്ണം ജനുവരിയിൽ 22.92 കോടിയായി ഉയർന്നു. ഇക്വിറ്റി, ഹൈബ്രിഡ്, സൊലൂഷൻ ഓറിയന്റഡ് സ്മീമുകൾ ഉൾപ്പെടുന്ന മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ആസ്തിയുടെ മൂല്യം ജനുവരിയിൽ 38.78 ലക്ഷം കോടി രൂപയായി ഉയർന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
വിദേശ ഫണ്ടുകൾ വിൽപ്പന മോഡിൽ
ആഗോള വ്യാപാര യുദ്ധവും രൂപയുടെ മൂല്യയിടിവും കണക്കിലെടുത്ത് വിദേശ ധന സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരികൾ വൻതോതിൽ വിറ്റുമാറുകയാണ്. ഫെബ്രുവരിയിൽ ആദ്യ പന്ത്രണ്ട് ദിവസത്തിനിടെ 9,000 കോടി രൂപയാണ് വിദേശ ഫണ്ടുകൾ പിൻവലിച്ചത്. ജനുവരിയിൽ 78,000 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചിരുന്നു. ഇതോടെ ഇന്ത്യൻ ഓഹരി വിപണിയിലെ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം പത്ത് വർഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന തലത്തിലെത്തി.
മൊത്തം എസ്.ഐ.പി അക്കൗണ്ടുകൾ 10.26 കോടി
മ്യൂച്വൽ ഫണ്ടിലേക്കുള്ള പണമൊഴുക്ക്
ഒക്ടോബർ: 41,887 കോടി രൂപ
നവംബർ: 35,943 കോടി രൂപ
ഡിസംബർ: 41,155 കോടി രൂപ
ജനുവരി: 39,687 കോടി രൂപ
എസ്.ഐ.പികളും പ്രിയങ്കരം
തുടർച്ചയായ രണ്ടാം മാസവും സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്മെന്റ് പ്ളാനുകളിലെ(എസ്.ഐ.പി) നിക്ഷേപം 26,000 കോടി കവിഞ്ഞു. ഡിസംബറിൽ 26,459 കോടി രൂപയും ജനുവരിയിൽ 26,400 കോടി രൂപയുമാണ് നിക്ഷേപകർ എസ്.ഐ.പികളിൽ മുടക്കിയത്. ജനുവരിയിൽ 56.8 ലക്ഷം പുതിയ രജിസ്ട്രേഷനുകളാണുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |