ജയ്പൂർ: ശാരീരിക ബന്ധമില്ലാത്തിടത്തോളം വിവാഹിതയായ സ്ത്രീക്ക് മറ്റൊരു പുരുഷനോട് തോന്നുന്ന അടുപ്പവും പ്രണയവും വിശ്വാസ വഞ്ചനയായി കാണാനാകില്ലെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി. അത് വിവാഹേതര ബന്ധമായോ ജാരവൃത്തിയോ ആയി കാണാനാകില്ല. ഇതിന്റെ പേരിൽ ജീവനാംശം നൽകാതിരിക്കാനാവില്ലെന്നും ജസ്റ്റിസ് ജി.എസ്. അഹ്ലുവാലിയ വിധിച്ചു.
ഭാര്യക്ക് ജീവനാംശം നൽകുന്നതിൽ യുവാവ് നൽകിയ പുനഃപരിശോധന ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മറ്റ് പുരുഷന്മാരുമായി ശാരീരിക ബന്ധത്തിലേർപ്പെടാത്തിടത്തോളം ആ ബന്ധത്തെ അവിഹിത ബന്ധമായി കണക്കാക്കാനാകില്ല. പാതിവ്രത്യഭംഗം, അല്ലെങ്കിൽ ജാരവൃത്തി എന്ന് പറയണമെങ്കിൽ അവിടെ ലൈംഗിക ബന്ധം കൂടി ഉൾപ്പെടണം. മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ മാത്രമേ കേസ് നിലനിൽക്കുകയുള്ളു. വൈകാരികമായ അടുപ്പം ജാരവൃത്തിയല്ലെന്നും കോടതി നിരീക്ഷിച്ചു.
മാസങ്ങളായി ഭാര്യക്ക് എണ്ണായിരം രൂപ ജീവനാംശം നൽകുന്നുണ്ടെന്ന് യുവാവിന്റെ പരാതിയിൽ പറയുന്നു. തന്റെ ഒരു മാസത്തെ ശമ്പളമാണ് നൽകുന്നത്. ശമ്പളം തീരുകയാണ്. ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്നും അതിനാൽ ജീവനാംശത്തിന് അവകാശമില്ലെന്നും യുവാവ് ആരോപിക്കുന്നു. ഭാര്യക്ക് ഇടക്കാല ധനസഹായം നൽകണമെന്ന കുടുംബകോടതിയുടെ ഉത്തരവിനെതിരെ യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കാരണങ്ങൾ ചൂണ്ടിക്കാട്ടി യുവാവിന്റെ ഹർജി ഹൈക്കോടതി തള്ളി. ആശുപത്രിയിലെ വാർഡ് ബോയ് ആയി ജോലി ചെയ്യുന്നയാളാണ് യുവാവ്. ഇയാൾ കോടതിയിൽ സമർപ്പിച്ച ശമ്പള സർട്ടിഫിക്കറ്റ് വ്യാജമാണെന്ന സംശയമുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു. യുവാവ് സമർപ്പിച്ച സാലറി സർട്ടിഫിക്കറ്റിൽ പല വിവരങ്ങളും ഉണ്ടായിരുന്നില്ല. ഭാര്യക്ക് വരുമാന മാർഗമുണ്ടെന്ന വാദം തെളിയിക്കാൻ യുവാവിന് കഴിഞ്ഞില്ലെന്നും കോടതി പ്രതികരിച്ചു. യുവതിക്ക് സ്വന്തമായി ബ്യൂട്ടി പാർലർ ഉണ്ടെന്നാണ് യുവാവ് കോടതിയിൽ വാദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |