ചാലക്കുടി: കറിക്കത്തിയുമായെത്തി മൂന്ന് മിനിറ്റുകൾക്കം ബാങ്കിൽ നിന്നും പതിനഞ്ച് ലക്ഷം കവർന്ന മോഷ്ടാവ് പൊലീസിനെ അമ്പരപ്പിച്ചു. വളരെ ലാഘവത്തോടെ തനിച്ചെത്തിയ വിരുതന്റെ ബാങ്ക് കൊള്ള നാട്ടുകാരെയും അത്ഭുതപ്പെടുത്തി.
തിരക്കേറിയ പോട്ട ജംഗ്ഷൻ. സമയം ഉച്ചതിരിഞ്ഞ് 2.23. പഴയ ദേശീയപാതയിലെ പോട്ട സ്‌കൂൾ റോഡിൽ നിന്നും ഒരാൾ എൻടോർക് ഗ്രേ സ്‌കൂട്ടറിലെത്തുന്നു.നീല ഇളം ജീൻസും നീല ഫുൾക്കൈ ടീഷർട്ടും ഗ്‌ളൗസും ഹെൽമറ്റും ബാഗുമെല്ലാമായെത്തിയ മോഷ്ടാവ് ബാങ്കിന്റെ മുൻഭാഗത്ത് വന്ന ദിശയിലേയ്ക്ക് തന്നെ സ്‌കൂട്ടർ തിരിച്ചുവയ്ക്കുന്നു. ഹെൽമറ്റ് ധരിച്ചുതന്നെ അകത്തേയ്ക്ക് കടക്കുന്നു.ഡോറിന് സമീപത്തെ കാബിനിലിരുന്ന പ്യൂണിന് നേരെ കത്തി ചൂണ്ടി ഭീഷണി. പണമിരിക്കുന്ന കൗണ്ടർ എവിടെയെന്നായി ചോദ്യം. തുടർന്ന് ഇയാളെയും കൂട്ടി അകത്തേയ്ക്ക്. തൊട്ടടുത്ത ഡൈനിംഗ് ഹാളിൽ ഭക്ഷണം കഴിച്ചിരുന്ന കാഷ് കൗണ്ടറിലെ വനിതാ ജീവനക്കാരിക്കും മറ്റൊരു വനിതാ ജീവനക്കാരിക്കുമൊപ്പം പ്യൂണിനെയും അകത്താക്കി വാതിലടയ്ക്കുന്നു. കസേരയെടുത്ത് ക്യാഷ് കൗണ്ടർ പൊളിക്കാനായി അടുത്ത ശ്രമം.
കൈത്തണ്ടയാൽ ഗ്‌ളാസ് പൊട്ടിച്ചു. കസേര ഉപയോഗിച്ച് കൗണ്ടറിന്റെ ഡോറിന്റെ ലോക്കും ഇളക്കി മാറ്റി. അകത്തു കടന്ന ശേഷം നോട്ട് കെട്ടുകളിൽ നിന്നും അഞ്ഞൂറിന്റെ മൂന്ന് കെട്ടുകൾ മാത്രം മുതുകിൽ തൂക്കിയ ബാഗിലാക്കി. സീരിയൽ നമ്പറിൽ കുടുങ്ങാതിരിക്കാൻ ഉപയോഗത്തിലുള്ള മൂന്ന് നോട്ടുകെട്ടുകളാണ് എടുത്തതെന്നാണ് വിവരം. പിന്നെ പുറത്തേയ്ക്ക്. സ്‌കൂട്ടറിൽ കയറി വന്ന വഴിയേ തിരിച്ചു പോയി.
ബാങ്കിലെ ജീവനക്കാർ എട്ട് പേരാണ്. ഒരാൾ ഭക്ഷണം കഴിക്കാൻ പുറത്തുപോയി. മാനേജർ അടക്കമുള്ള മറ്റ് നാല് പേരും അകത്തുള്ള ഡൈനിംഗ് ഹാളിലിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. കാഷ് കൗണ്ടറിലെ ജീവനക്കാർ കൗണ്ടറിന് സമീപമുള്ള മുറിയാണ് ഉച്ചഭക്ഷണ സമയത്ത് ഉപയോഗിക്കുക. മറ്റൊരു വനിതാ ജീവനക്കാരിയും കൂടെയുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |