മലപ്പുറം: അമ്മയുടെ തോളിൽ കിടക്കുകയായിരുന്ന കുഞ്ഞിനെ കടിച്ച് തെരുവുനായ. കുഞ്ഞിനെ ആദ്യം ഉപദ്രവിച്ചശേഷം നായ ഓടിനടന്ന് പലരെയും കടിച്ചു. മലപ്പുറം പുത്തനങ്ങാടിയിലാണ് സംഭവം. പിഞ്ചുകുഞ്ഞടക്കം ഏഴുപേർക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ചരമണിയോടെയാണ് സംഭവമുണ്ടായത്. മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ എംഇഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായാണ് വിവരം.
അമ്മയുടെ തോളിൽ കിടന്ന കുഞ്ഞിനെ നായ ചാടിക്കടിക്കുകയായിരുന്നു. പിന്നാലെ പോകുന്നവഴിയിൽ കണ്ടവരെയെല്ലാം കടിച്ചു. പലർക്കും ആഴത്തിൽ പരിക്കേറ്റിട്ടുണ്ട് എന്നാണ് സൂചന. നായയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
തെരുവ് നായ ആക്രമണം നിയന്ത്രിക്കാനുള്ള പദ്ധതിക്ക് രണ്ട് കോടി രൂപ ഇത്തവണ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പോർട്ടബിൾ എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ) സെന്ററുകൾ സ്ഥാപിച്ച് തെരുവ് നായകളുടെ വന്ധ്യംകരണം കാര്യക്ഷമമായി നടപ്പാക്കാനുള്ള പദ്ധതിക്കാണ് 2 കോടി.
മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി കർമ്മ പദ്ധതി തയ്യാറാക്കണമെന്നാണ് ബഡ്ജറ്റിലെ നിർദേശം. പോർട്ടബിൾ സെന്ററുകൾ ആവശ്യമുള്ളയിടങ്ങളിൽ എത്തിക്കാനും വന്ധ്യംകരണം നടത്താനും കഴിയും. സംസ്ഥാനത്ത് മൂന്ന് ലക്ഷം തെരുവ് നായകൾ ഉണ്ടെന്നാണ് കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |