ഗാസ സിറ്റി: ഗാസ മുനമ്പിൽ ഇന്ന് മൂന്ന് ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസിന്റെ സായുധ വിഭാഗം സ്ഥിരീകരിച്ചു. ഈ കൂട്ടത്തിൽ പലസ്തീൻ ഗ്രൂപ്പായ ഇസ്ലാമിക് ജിഹാദ് ബന്ദിയാക്കിയിരുന്ന ഒരാളും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
റഷ്യൻ-ഇസ്രായേലി പൗരൻ അലക്സാണ്ടർ ട്രൗഫാനോവ്, അർജന്റീന-ഇസ്രയേലി യെയർ ഹോൺ, യുഎസ്-ഇസ്രയേലി സാഗുയി ഡെക്കൽ-ചെൻ എന്നിവരെയാണ് ഹമാസ് മോചിപ്പിക്കുന്നത്. മൂന്ന് പേരെയും കൃത്യസമയത്ത് വിട്ടയച്ചില്ലെങ്കിൽ വീണ്ടും ബോംബാക്രമണം നടത്തുമെന്ന് ഇസ്രയേൽ അറിയിച്ചു. പകരമായി ഇസ്രയേൽ ജയിലിൽ നിന്ന് 369 പാലസ്തീനി തടവുകാരെ മോചിപ്പിക്കണമെന്ന് ഹമാസ് അറിയിച്ചു. ഇതിൽ 36 പേർ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടരും 333 പേർ ഗാസയിൽ നിന്നുള്ളവരുമാണ്.
ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാരോപിച്ച് മോചനം വൈകിക്കുമെന്ന് കഴിഞ്ഞ ദിവസം ഹമാസ് പ്രഖ്യാപിച്ചിരുന്നു അതോടെ യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു ഭീഷണിപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് മുമ്പ് ഗാസയിൽ തടവിലാക്കിയ എല്ലാ ബന്ദികളെ ഹമാസ് വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ റദ്ദാക്കണമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു. ശേഷം ഈജിപ്തിന്റെയും ഖത്തറിന്റെയും ഉദ്യോഗസ്ഥരുമായി ഹമാസ് സംഘം നടത്തിയ ചർച്ചയിലാണു തടസ്സം നീങ്ങിയത്.
ജനുവരി 19 ന് വെടിനിർത്തൽ നിലവിൽ വന്നതിനുശേഷം, 566 തടവുകാർക്ക് പകരമായി 16 ഇസ്രായേലികളെയും അഞ്ച് തായ് ബന്ദികളെയുമാണ് ഹമാസ് വിട്ടയച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |