കൊച്ചി: രാജ്യത്തെ ഊർജോത്പാദന-വിതരണമേഖലയിൽ 50 ശതമാനം സ്വകാര്യവത്കരണത്തിനുള്ള നീക്കമാണ് കേന്ദ്രസർക്കാരിന്റേതെന്ന് സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി സ്വദേശ് ദേവ്റോയ്. വൈദ്യുതി,കൽക്കരി,പെട്രോളിയം തുടങ്ങിയ ഊർജമേഖലയിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ട്രേഡ് യൂണിയനുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനം അനിവാര്യമാണ്. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം എറണാകുളം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എളമരം കരീം അദ്ധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ സി.എൻ. മോഹനൻ,കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി പി. ജയപ്രകാശ്,ഇലക്ട്രിസിറ്റി ബോർഡ് കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.സി. സിബു,കെ.എൻ. ഗോപിനാഥ്,പ്രദീപ് സി. ശ്രീധരൻ,എസ്. പ്രകാശ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എസ്. ഹരിലാൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ.എച്ച്. സജു കണക്കും അവതരിപ്പിച്ചു. ഇന്ന് വൈകിട്ട് സെമിനാറിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ,ടി.എം. തോമസ് ഐസക്ക്,എളമരം കരീം,ആർ. ചന്ദ്രശേഖരൻ,സജി നാരായണൻ തുടങ്ങിയവർ സംസാരിക്കും. ഞായറാഴ്ച രാവിലെ 9.30ന് സുദീപ് ദത്തയും,11ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയും പ്രഭാഷണം നടത്തും. സമ്മേളനം ഉച്ചയ്‌ക്ക് ഭാരവാഹി തിരഞ്ഞെടുപ്പോടെ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |