ന്യൂഡൽഹി: രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിന് പിന്നാലെ മണിപ്പൂരിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലുൾപ്പെടെ സുരക്ഷാ സന്നാഹം വർദ്ധിപ്പിച്ചു.
ഇംഫാലിലെ രാജ്ഭവൻ, സെക്രട്ടേറിയറ്ര് എന്നിവയ്‌ക്ക് അടക്കമാണ് സുരക്ഷ കൂട്ടിയത്. സംഘർഷ സാദ്ധ്യതയുള്ള മേഖലകളിൽ അതീവ ജാഗ്രതയാണ്.
സുരക്ഷാ സാഹചര്യം ഗവർണർ അജയ് കുമാർ ഭല്ല വിലയിരുത്തി. ഇന്നലെ ഇംഫാൽ വെസ്റ്ര്, ഇംഫാൽ ഈസ്റ്റ്, തൗബൽ എന്നിവിടങ്ങളിലായി സുരക്ഷാസേന നടത്തിയ തെരച്ചിലിൽ അഞ്ച് ഭീകരരെ പിടികൂടി. നിരോധിത സംഘടനകളിലെ അംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു. ആയുധശേഖരവും കണ്ടെത്തി. ഇതിനിടെ, കാങ്‌പോക്പി ജില്ലയിലെ ഫുട്ബാൾ മത്സരത്തിനിടെ എ.കെ 47 ഉൾപ്പെടെ തോക്കുകളുമായി റോന്തുചുറ്റിയ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ദൃശ്യങ്ങൾ സാമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി.
തിര. വേണമെന്ന്
സി.പി.എം
മണിപ്പൂരിൽ രാഷ്ട്രപതി ഭരണമല്ല വേണ്ടതെന്നും തിരഞ്ഞെടുപ്പ് നടത്തണമെന്നും സി.പി.എം ആവശ്യപ്പെട്ടു. കേന്ദ്ര-മണിപ്പൂർ സർക്കാരുകളുടെ ഭരണപരാജയമാണ് വെളിപ്പെടുന്നതെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കും മണിപ്പൂർ ജനത മാപ്പ് നൽകില്ലെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. അതേസമയം, സമാധാനത്തിന് രാഷ്ട്രീയ ഇച്ഛാശക്തിയാണ് വേണ്ടതെന്ന് ആക്‌ടിവിസ്റ്റ് ഇറോം ശർമ്മിള പറഞ്ഞു. നിയമസഭ മരവിപ്പിച്ചു നിറുത്തിയിരിക്കുക മാത്രമാണെന്നും സാഹചര്യം മെച്ചപ്പെടുമ്പോൾ പുനഃസ്ഥാപിക്കുമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ എ. ശാരദ ദേവി പ്രതികരിച്ചു.
കുക്കി - മെയ്‌തി വംശീയ കലാപം ആരംഭിച്ച് 21 മാസത്തിനു ശേഷം കഴിഞ്ഞ ഒമ്പതിനാണ് എൻ. ബിരേൻ സിംഗ് മുഖ്യമന്ത്രി പദം രാജി വച്ചത്. കലഹിച്ചു നിൽക്കുന്ന എം.എൽ.എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഫലം കാണാത്തതിനാൽ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ബി.ജെ.പി നേതൃത്വത്തിന് കഴിഞ്ഞില്ല. നിയമസഭാ സമ്മേളനത്തിന്റെ ആറു മാസത്തെ ഇടവേള ബുധനാഴ്ച അവസാനിച്ച സാഹചര്യത്തിൽ ഭരണഘടനാ പ്രതിസന്ധിയും ഉയർന്നു. ഈ സാഹചര്യത്തിലാണ് വ്യാഴാഴ്ച രാഷ്ട്രപതി ഭരണം തീരുമാനിച്ച് വിജ്ഞാപനമിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |