കൊച്ചി: മുറുക്കാൻ കടകൾ വരെ ഐ.ടി ഹബ്ബിന്റെ ഒത്ത നടുവിൽ ലഹരി കൈമാറ്റ കേന്ദ്രങ്ങളാണ്. അന്യസംസ്ഥാനക്കാരുടെ ചെറു മുറുക്കാൻ, ലോട്ടറി തട്ടുകടകളുടെയും ചെറുകച്ചവടങ്ങളുടെയും മറവിൽ ലഹരി- നിരോധിത, പുകയില വസ്തുക്കളുടെ കൈമാറ്റം വ്യാപകമാണ്. ഒപ്പം ഇത്തരം പ്രദേശങ്ങൾ സംഘർഷഭരിത മേഖലകൾ കൂടിയാണ്. പൊലീസ് , എക്‌സൈസ് ഉദ്യോഗസ്ഥർക്കും ആക്രമങ്ങൾ നേരിടേണ്ടി വരുന്നു.
ബീഹാർ,ഗുജറാത്ത്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് സുലഭമായി ലഹരിവസ്തുക്കൾ എത്തിച്ച് വിൽക്കുന്നുണ്ട്.
ഒറ്റയൊരു വഴിയോരക്കച്ചവട ലൈസൻസുമായി ഒമ്പത് കട തുടങ്ങിയ അന്യസംസ്ഥാനക്കാരൻ കടകൾ വഴി മയക്കുമരുന്ന് വിറ്റിരുന്നു. പൊലീസിനിത് സ്ഥിരം തലവേദനയായി. അടുത്തിടെ കട ഉടമയെ അറസ്റ്റ്ചെയ്തു. ഒപ്പം കടകൾ മുനിസിപ്പാലിറ്റി പൊളിച്ചു മാറ്റി.
നാലു മാസം മുമ്പ് കാക്കനാട് ടി.വി സെന്ററിനു സമീപം ലഹരിവസ്തുക്കൾ വിറ്റ അന്യസംസ്ഥാന തൊഴിലാളിയെ ചോദ്യം ചെയ്ത പൊതുപ്രവർത്തകനെയും സുഹൃത്തിനെയും കുത്തി പരിക്കേൽപ്പിച്ചു. ആക്രമിയെ പിടികൂടിയിട്ടില്ല.
ലഹരിക്കടിമപ്പെട്ട അന്യസംസ്ഥാന തൊഴിലാളി ഡി.എൽ.ഫ്ളാറ്റിനു മുന്നിലെ റോഡിൽ വാഹനങ്ങൾ തടയുന്നുവെന്ന പരാതി കിട്ടി സ്ഥലത്തെത്തിയ പൊലീസിനെ ആക്രമിച്ച് എ.എസ്.ഐയുടെ തലയ്ക്ക് കരിങ്കല്ലു കൊണ്ടെറിഞ്ഞ് പരിക്കേൽപ്പിച്ചത് കഴിഞ്ഞയാഴ്ചയാണ്.
എക്‌സൈസ് ഓഫീസില്ല
നിരവധി കുറ്റകൃത്ത്യങ്ങൾ നടക്കുന്ന ഐ.ടി നഗരത്തിൽ എക്‌സൈസ് ഓഫീസ് ഇല്ലെന്നതാണ് ശ്രദ്ധേയം. എറണാകുളം എക്‌സൈസ് സർക്കിളിന്റെ കീഴിലാണ് തൃക്കാക്കര. ഇൻഫോപാർക്ക്, തൃക്കാക്കര പൊലീസ് സ്റ്റേഷനുകളിലായി ലഹരി കേസുകൾ പിടിക്കുന്നുണ്ടെങ്കിലും തുടരന്വേഷണം കുറവാണ്. മേഖലയിൽ എക്‌സൈസ് ഒഫീസ് വേണമെന്നാണ് റെസിഡന്റ്‌സ് അസോസിയേഷനുകളുടെ ആവശ്യം.
ജനങ്ങളുടെ ആവശ്യം
മേഖലകൾ തിരിച്ച് പൊലീസ് പട്രോളിംഗ് ശക്തമാക്കണം
ജനകീയ സമിതികൾ രൂപീകരിക്കണം
തദ്ദേശ സ്ഥാപനങ്ങളും റെസിഡന്റ്‌സ് അസോസിയേഷനുകളും കൈകോർക്കണം
അന്യസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കണം, താമസ സ്ഥലങ്ങൾ പരിശോധിക്കണം
വാടകകയ്ക്ക് താമസിക്കുന്നവരുടെ പട്ടികയുണ്ടാക്കണം
ആറു മാസത്തിനുള്ളിൽ നിരവധി ലഹരി കേസുകളാണ് ഇൻഫോപാർക്ക് പൊലീസ് മാത്രം എടുത്തിട്ടുള്ളത്. പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്.
ജെ.എസ്. സജീവ് കുമാർ
ഇൻസ്‌പെക്ടർ,
ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷൻ
രാത്രികാലങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
സുധീർ
ഇൻസ്‌പെക്ടർ,
തൃക്കാക്കര പൊലീസ് സ്റ്റേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |