ഉത്തരാഖണ്ഡ് ആദ്യമായി വേദിയായ പതിനെട്ട് ദിവസത്തോളം നീണ്ട് നിന്ന ദേശീയ ഗെയിംസിന് സർവീസസിന്റെ പട്ടാഭിഷേകത്തോടെ ഹൽദ്വാനിയിൽ കൊടിയിറക്കം. ഇന്നലെ വൈകിട്ട് ഹൽദ്വാനിയിലെ ഇന്ദിരാഗാന്ധി സ്പോർട്സ് കോംപ്ലക്സിൽ നടന്ന ചടങ്ങ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘടനം ചെയ്തു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ, കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
38-ാമത് ദേശീയ ഗെയിംസ് അവസാനിച്ചതായി പി.ടി ഉഷ ഔദ്യോഗികമായി അറിയിച്ചു. ചാമ്പ്യൻമാരായ സർവീസസിനും റണ്ണറപ്പായ മഹാരാഷ്ട്രയ്ക്കും മൂന്നാം സ്ഥാനക്കാരായ ഹരിയാനയ്ക്കും അമിത് ഷാ ട്രോഫികൾ വിതരണം ചെയ്തു.
ഒളിമ്പിക്സിന് തയ്യാർ
2036ലെ ഒളിമ്പിക്സിന് ആതിഥ്യമരുളാൻ ഇന്ത്യ തയ്യാറാണെന്നും രാജ്യത്തെ ഒളിമ്പിക്സ് വേദിയാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. അത്യുജ്ജലമായി ദേശീയ ഗെയിംസ് നടത്തിയ ഉത്തരാഖണ്ഡിന്റെ സംഘാടന മികവിനെ പുകഴ്ത്തിയ ഷാ മെഡൽ പട്ടികയിൽ ഉത്തരാഖണ്ഡ് 25ൽ നിന്ന് 7 -ാം സ്ഥാനക്കേത്തിയതിനേയും അഭിനന്ദിച്ചു.
ഇനി മേഘാലയ
അടുത്ത ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന മേഘാലയയുടെ മുഖ്യമന്ത്രി കൊണാർഡ് കെ സാംഗ്മ അമിത് ഷായിൽ നിന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പതാക ഏറ്റുവാങ്ങി. 2027 ഫെബ്രുവരി, മാർച്ച് മാസങ്ങളിലായിരിക്കും മേഘാലയ ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിക്കുക.
കേരളത്തിന്റെ തകർച്ചയ്ക്ക് കാരണം കായികമന്ത്രിയും സ്പോർട്സ് കൗൺസിലും: കെ.ഒ.എ പ്രസിഡന്റ്
ദേശീയ ഗെയിംസിൽ കേരളം 14-ാം സ്ഥാനത്തേക്ക് പിന്തുള്ളപ്പെട്ടത് സംസ്ഥാന കായിക വകുപ്പിന്റെയും സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെയും പിടിപ്പുകേട് കാരണമാണെന്ന് തുറന്നടിച്ച് കേരളാ ഒളിമ്പിക് അസോസിയേഷൻ (കെ.ഒ.എ) പ്രസിഡിന്റ് വി. സുനിൽ കുമാർ. ഇന്നലെ ദേശീയ ഗെയിംസിന്റെ സമാപനച്ചടങ്ങിന് ശേഷം കേരളകൗമുദിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക വകുപ്പ് മന്ത്രിയെന്ന നിലയിൽ വി.അബ്ദു റഹിമാന്റെ പ്രകടനം വട്ടപൂജ്യമാണ്. കായിക മേഖലയ്ക്ക് ഒരു സംഭാവനയും കായിക മന്ത്രിയിൽ നിന്നും സ്പോർട്സ് കൗൺസിലിൽ നിന്നും കഴിഞ്ഞ നാല് വർഷമായി ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇത്തവണ പലകായിക ഇനങ്ങളിലും വേണ്ടത്ര പിന്തുണ നൽകാനും ആസൂത്രണത്തോടെ ദേശീയ ഗെയിംസിന് താരങ്ങളെ ഒരുക്കാനും സംസ്ഥാന സ്പോർട്സ് കൗൺസിലിന് കഴഞ്ഞില്ല. ഒളിമ്പിക് അസോസിയേഷൻ കേരളത്തെ പഴയ കായിക പ്രൗഢിയിലേക്ക് കൊണ്ടുവരാൻ പദ്ധതികൾ ആവിഷകരിച്ച് നടപ്പാക്കുമെന്നും സുനിൽ കുമാർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |