വഡോദര: വനിതാ പ്രീമിയർ ലീഗ് മൂന്നാം പതിപ്പിന്റെ റൺമഴ പെയ്‌ത ഉദ്ഘാടന മത്സരത്തിൽ, റെക്കാഡ് ചേസിംഗിലൂടെ ഗുജറാത്ത് ജയ്‌ന്റ്സിനെ 6 വിക്കറ്റിന് കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 201 റൺസാണ്.അതേ നാണയത്തിൽ തിരിച്ചടിച്ച ആർ.സി.ബി 19-ാം ഓവറിലെ മൂന്നാം പന്തിൽ റിച്ചാ ഘോഷ് ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ പറത്തിയ സിക്‌സിലൂടെ വിജയതീരത്തെത്തി (202/4).
തുടക്കത്തിൽ തകർച്ച നേരിട്ട ആർ.സി.ബിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് പുറത്താകാതെ 27 പന്തിൽ 7 ഫോറും 4 സിക്സും ഉൾപ്പെടെ 64 റൺസ് നേടിയ റിച്ചയാണ്. പ്രതിന്ധിഘട്ടത്തിൽ ആർ.സി.ബിയ്ക്ക് എന്നും രക്ഷകയാകാറുള്ള എല്ലിസ് പെറിയും ( 34 പന്തിൽ 57) അർദ്ധ സെഞ്ച്വറിയുമായി തിളങ്ങി. ഓപ്പണർമാരായ ക്യാപ്ടൻ സ്‌മൃതി മന്ഥനയും (9),ഡാനി വാട്ടും (4) ടീം സ്കോർ 14ൽ എത്തിയപ്പോൾ തന്നെ ഡഗൗട്ടിൽ തിരിച്ചെത്തി. തുടർന്ന് പെറിയും രാഘവി ബിഷ്തും (25) 55 പന്തിൽ 86 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ആർ.സി.ബിയെ 100ൽ എത്തിച്ചു. പിന്നാലെ പെറിയും രാഘവിയും അടുത്തടുത്ത് പുറത്തായെങ്കിലും ശേഷം റിച്ചയും കനിക അഹൂജയും കൂടി (പുറത്താകാതെ 13 പന്തിൽ 30) ആർ.സി.ബിയുടെ ജയമുറപ്പിച്ചു. തകർക്കപ്പെടാത്ത 5-ാം വിക്കറ്റിൽ ഇരുവരും 37 പന്തിൽ അടിച്ചെടുത്തത് 93 റൺസാണ്. ക്യാപ്ടൻ ആഷ് ഗാർഡനർ ഗുജറാത്തിനായി 2 വിക്കറ്റ് വീഴ്‌ത്തി. കൈവിട്ട ക്യാച്ചുകൾക്കും മിസ് ഫീൽഡിംഗുകൾക്കും ഗുജറാത്ത് വലിയ വിലകൊടുക്കേണ്ടി വന്നു.
നേരത്തേ 3 ഫോറും 8 സിക്സും ഉൾപ്പെടെ 37 പന്തിൽ 79 റൺസ് നേടിയ ആഷ് ഗാർഡ്നറാണ് ഗുജറാത്തിനെ മികച്ച ടോട്ടലിൽ എത്തിച്ചത്. ഓപ്പണർ ബെത്ത് മൂണിയും അർദ്ധ സെഞ്ച്വറി തികച്ച് (42 പന്തിൽ 56) മികച്ച പ്രകടനം കാഴ്ചവച്ചു. 13 പന്തിൽ 25 റൺസ് നേടിയ ഡോട്ടിനും മിന്നി. ആർ.സി.ബിക്കായി രേണുക സിംഗ് 2 വിക്കറ്റ് വീഴ്‌ത്തി.
ജോഷിതയ്ക്ക് അരങ്ങേറ്റം
വനിതാ പ്രീമിയർ ലീഗിൽ അരങ്ങേറ്റം നടത്തിയ ആർ.സി.ബിയുടെ മലായാളി പേസർ ജോഷിത വി.ജെ ആദ്യ സ്പെല്ലിൽ നന്നായി എറിഞ്ഞെങ്കിലും ഡെത്ത് ഓവറുകളിൽ അടി വാങ്ങി. ആദ്യ 2 ഓവറിൽ 9 റൺസ് മാത്രം വഴങ്ങിയ ജോഷിത ആടുത്ത 2 ഓവറുകളിൽ വഴങ്ങിയത് 34 റൺസാണ്. ആകെ 4 ഓവറിൽ 43 റൺസ് വിട്ടുകൊടുത്ത ജോഷിതയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.
ഇന്ന്
മുംബയ്- ഡൽഹി
(രാത്രി 7.30 മുതൽ)
ബ്ലാസ്റ്റേഴ്‌സിന് ബഗാൻ കടമ്പ
കൊച്ചി: ഐ.എസ്.എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തം തട്ടകത്തിൽ ഒന്നാം സ്ഥാനത്തുള്ല മോഹൻ ബഗാനെ നേരിടും. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. 19 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് എട്ടാമതാണ്.
പാർക്കിംഗ് ഇല്ല
ഇന്ന് സ്റ്റേഡിയം പരിസരത്ത് പൊതു പാർക്കിംഗ് ഉണ്ടായിരിക്കില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |