കാഞ്ഞാങ്ങാട് വിനായക തിയേറ്ററിൽ ' ഒരു ജാതി ജാതകം" കണ്ട് വീട്ടിലെത്തിയ തമ്പായിയോട് തൊണ്ട ഒരാഴ്ച പിണങ്ങി. തിയേറ്ററിലെ എ.സിയുടെ തണുപ്പാണ് പണി തന്നത്. തണുപ്പ് ബുദ്ധിമുട്ടായതിനാൽ അഭിനയിച്ച സിനിമകൾ കാണാൻ തിയേറ്ററിൽ അധികവും പോകാറില്ല. ഒ.ടി.ടിയിൽ വരാൻ കാത്തിരിക്കും. പുതിയകാല സിനിമയിൽ ഗ്രാമീണത നിറഞ്ഞ മുത്തശ്ശി വേഷത്തിൽ തമ്പായി സ്ഥിരം മുഖമായി മാറുന്നു. ടിക്കറ്റിന് എഴുപതു പൈസ ഉണ്ടായിരുന്നപ്പോൾ മുതൽ തിയേറ്ററിൽ സിനിമ കണ്ടു തുടങ്ങിയെങ്കിലും ഒരിക്കൽ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുമെന്ന് മാത്രം തമ്പായി വിചാരിച്ചില്ല. '' ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ എ വിടെ അതിന് സമയം ?. എന്നാൽ 81-ാംവയസിൽ സിനിമ വന്നു വിളിച്ചോണ്ടു പോയി."" മോണ കാട്ടി തുറന്ന് ചിരിച്ച് തമ്പായി . വർത്തമാനം തുടരുന്നു.
'കുഞ്ഞപ്പാ, എപ്പ മോനേ
ഏകാദശി "
പാടത്ത് കെയ്ത്ത് നടക്കുമ്പോൾ നാടൻപാട്ടുകൾ പാടുമായിരുന്നു .നാട്ടിപ്പാട്ടും പോർച്ചപാട്ടും പാടും. അങ്ങനെ നാടൻ പാട്ടുകാരിയായി അറിയപ്പെട്ടു. പാടുമ്പോൾ നല്ല ശബ്ദമെന്ന് ആളുകൾ പറഞ്ഞു. ശബ്ദം ആണ് എന്നെ സിനിമയിൽ കൊണ്ടുവന്നത്. കാഞ്ഞങ്ങാട് ഭാഷയും സഹായിച്ചു. കഥകൾ ഇഷ്ടമാണ്. സ്കൂളിൽ പോയിയിട്ടില്ല.സാക്ഷരതയിൽ അക്ഷര അഭ്യാസം നേടി. നാട്ടുകാരനായ വിനു കോളിച്ചാൽ സംവിധാനം ചെയ്ത ബിലാത്തിക്കുഴൽ എന്ന ഹ്രസ്വചിത്രത്തിൽ അഭിനയിച്ചു. അതിലെ അഭിനയം കണ്ട രാജേഷ് മാധവൻ ( നടനും കാസ്റ്രിംഗ് ഡയറക്ടറും) രതീഷ് ബാലകൃഷ്ണൻ പൊതുവാളിനോട് പറഞ്ഞു.അങ്ങനയൊണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പനിൽ വിളിക്കുന്നത്. പയ്യന്നൂരായിരുന്നു ഷൂട്ടിംഗ്. കാഞ്ഞങ്ങാട് നിന്ന് പോകാനും വലിയ ബുദ്ധിമുട്ട് വന്നില്ല. കുഞ്ഞപ്പന്റെ നാട്ടുകാരിയുടെ വേഷം. സംഭാഷണവും നന്നായി എന്ന് എല്ലാവരും പറഞ്ഞു . എനിക്കും ഇഷ്ടപ്പെട്ടു.അവര് പറഞ്ഞതു പോലെ ചെയ്തു. അല്ലാതെ അഭിനയമെന്നും അറിയില്ല. കുഞ്ഞപ്പനുശേഷം ന്നാ താൻ കേസ് കൊട് സിനിമേൽ അഭിനയിക്കാനും രാജേഷ് മാധവൻ വിളിച്ചു .അതിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു. കൂടുതൽ സിനിമകൾ വരാൻ തുടങ്ങി. ജിന്ന്,ഉടൽ, വർഷങ്ങൾക്ക് ശേഷം,അജയന്റെ രണ്ടാം മോഷണം , തങ്കമണി, ഭാരത്സർക്കാർ ഉത്പ്പന്നം, അൻപോട് കൺമണി തുടങ്ങി ഇരുപതിലധികം സിനിമയിൽ അഭിനയിച്ചു. പേരില്ലൂർ പ്രീമിയർ ലീഗ് എന്ന വെബ് സീരിസിലും അഭിനയിച്ചു.നൈറ്റ് റൈഡേഴ്സ് സിനിമേലാണ് അവസാനം അഭിനയിച്ചത്. തങ്കമണിയിൽ അഭിനയിക്കാൻ ഇടുക്കിയിൽ പോയി. നൈറ്റ് റൈഡേഴ്സിൽ അഭിനയിക്കാൻ പാലക്കാടും. ജീവിതത്തിൽ ആദ്യമായാണ് ഇത്രേം ദൂരം പോകുന്നത്. അഭിനയം ഇപ്പോൾ ഭയങ്കര സന്തോഷം തരുന്നു.പറ്റാവുന്നിടത്തോളം കാലം സിനിമേൽ അഭിനയിക്കണം.
'ജാനകി എന്നെ
തെറി വിളിച്ചു സാറേ"
ഇളയമകൻ ദിനേശന് മൂന്നു വയസുള്ളപ്പോഴാണ്ഭർത്താവ് ചിരുകണ്ടൻ മരിക്കുന്നത്. അതിനുശേഷം പാടത്ത് കൃഷി പണി ചെയ്താണ് കുടുംബം നോക്കിയത്. പതിനഞ്ചു വയസു മുതൽ ദിനേശനും പണിക്ക് പോയി തുടങ്ങി. സിനിമേൽ അഭിനയിക്കാൻ പോകുമ്പോൾ ദിനേശനാണ് ഒപ്പം വരുന്നത്.
കാഞ്ഞങ്ങാട് നഗരസഭയിൽ ശുചീകരണ തൊഴിലാളിയാണ് ദിനേശൻ . മകൾ നളിനിയുടെയും വിവാഹം കഴിഞ്ഞു . നാലു തലമുറയെ കാണാൻ ഭാഗ്യം ലഭിച്ചു. കാഞ്ഞങ്ങാട് മോനാച്ച ആണ് സ്വദേശം. പ്രതിഫലം മക്കൾക്ക് വീതിച്ചു കൊടുക്കും. ബാക്കി സൂക്ഷിച്ചുവയ്ക്കും.കുഞ്ഞു പ്രതിഫലമാണെങ്കിലും ഈ പ്രായത്തിൽ സിനിമേൽ അഭിനയിച്ചു കിട്ടുമ്പോൾ സന്തോഷമാണ്. സിനിമ ജീവനാണ്. മുൻപ് എല്ലാ സിനിമേം കാണുമായിരുന്നു. പ്രായത്തിന്റെ അസുഖങ്ങളൊന്നുമില്ല. ആശുപത്രിയിലും അങ്ങനെ പോകാറില്ല. വാർദ്ധക്യമാണെന്ന് മാത്രം. ''അമ്മയുടെ സന്തോഷത്തിനൊപ്പം ഞങ്ങൾ"" എന്ന് ദിനേശന്റെ പക്ഷം .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |