ആലപ്പുഴ: കഷണ്ടിക്ക് മരുന്നില്ല, പക്ഷേ, അതുകൊണ്ട് വരുമാനമുണ്ടാക്കാം.വീഡിയോയായും ഫോട്ടോയായും മാത്രമല്ല, സഞ്ചരിക്കുന്ന പരസ്യ ബോർഡായും കഷണ്ടിത്തലകൾ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് അമ്പലപ്പുഴ കരൂർ കുമ്പളശ്ശേരിൽ ഷെഫീക്ക് ഹാഷിം.
30 വയസായതോടെ മുടികൊഴിച്ചിൽ രൂക്ഷമായിരുന്നു. ഹെയർ ട്രാൻസ്‌പ്ലാന്റ് നടത്താൻ പലവട്ടം ആലോചിച്ചു. അതിനിടെ കഷണ്ടിയും കൂടി. യാത്രകളും വിവിധ വ്ലോഗുകളും ഉൾപ്പെടുത്തി യൂ ട്യൂബ് വീഡിയോകൾ തയ്യാറാക്കുന്ന ഷെഫീക്കിന് ഇപ്പോൾ പ്രായം 38. പൊടിമിൽ സംരംഭകനും സ്വകാര്യ എഫ്.എം റേഡിയോയിലെ പ്രോഗ്രാം പ്രൊഡ്യൂസറുമാണ് ഷെഫീക്ക്.
അതിനിടെയാണ് എന്തുകൊണ്ട് തന്റെ കഷണ്ടിത്തലയെ വരുമാനമാർഗമാക്കിക്കൂടായെന്ന് ചിന്തിച്ചത്.
ക്രിക്കറ്റ്, ഫുട്ബാൾ, വള്ളംകളി തുടങ്ങിയ മത്സരവേദികളിൽ ആരാധകർ തല മൊട്ടയടിച്ച് ഇഷ്ട ടീമിനെ ബ്രാൻഡ് ചെയ്യാറുണ്ട്. എന്തായാലും കഷണ്ടിയെ ബിസിനസ് പരസ്യത്തിന് ഉപയോഗിക്കുന്ന ആദ്യ വ്യക്തി താനാവുമെന്നാണ് ഷെഫീക്ക് ഹാഷിം അവകാശപ്പെടുന്നത്. വിവിധ ബ്രാൻഡുകളുടെ പരസ്യങ്ങൾ സ്റ്റിക്കറുകളായോ, താൽക്കാലിക ടാറ്റുവായോ പതിക്കാം. പരസ്യം പതിച്ച തലയുമായിട്ടാകും യു ട്യൂബ് വീഡിയോകളിൽ പ്രത്യക്ഷപ്പെടുക. ജെസ്നയാണ് ഭാര്യ. മകൻ: ആസിഫ്.
സാദ്ധ്യത?
നെറ്റി മുതൽ കഷണ്ടി മുഴുവനായി പരസ്യത്തിന് ഉപയോഗിക്കാം. ധാരാളം യാത്ര ചെയ്യുന്ന വ്യക്തിയാണെങ്കിൽ പരസ്യവും സഞ്ചരിച്ചുകൊണ്ടിരിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും സാദ്ധ്യതയുണ്ട്. കൊടികളും ചിഹ്നങ്ങളും സ്ഥാനാർത്ഥിയുടെ ചിത്രവുമെല്ലാം തലയിലേറ്റി നടക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |