മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിലെ ബി.എസ്.എൻ.എൽ കെട്ടിടങ്ങൾ ഉപയോഗിക്കാതെ കാടുകയറി നശിക്കുന്നു. ലോട്ടറി വകുപ്പിന് വാടകയ്ക്ക് കൊടുക്കാനായി ഒഴിപ്പിച്ച നഗരമദ്ധ്യത്തിലെ ബി.എസ്.എൻ.എൽ കെട്ടിടമാണ് പ്രധാനമായും കാടുകയറി നശിക്കുന്നത്. അരമനപ്പടിയിലുള്ള ബി.എസ്.എൻ.എൽ ഉപഭോക്തൃ സേവന കേന്ദ്രം ഉൾപ്പെടെയുള്ള മൂന്ന് നില കെട്ടിടവും എസ്.എൻ.ഡി.പി റോഡിലെ ബി.എസ്.എൻ.എൽ ക്വാർട്ടേഴ്‌സും ഐ.ടി.ആർ റോഡ്, വാഴപ്പിള്ളി മിൽമ ജംക്ഷൻ, ടിബി റോഡ് എന്നിവിടങ്ങളിലെ ബി.എസ്.എൻ.എൽ ഓഫിസുകളും സമാന അവസ്ഥയിലാണ്.
ടാഗോർ റോഡിൽ പ്രവർത്തിച്ചിരുന്ന ഉപഭോക്തൃ സേവന കേന്ദ്രത്തിൽ മുമ്പ് ബി.എസ്.എൻ.എല്ലിന്റെ എട്ട് ഓഫീസുകളാണ് പ്രവർത്തിച്ചിരുന്നത്. ഓഫീസുകൾ ഓരോന്നായി നിർത്തിയതോടെ ഒടുവിൽ കസ്റ്റമർ കെയർ സെന്റർ മാത്രമാണ് മൂന്ന് നിലകളുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. ഒടുവിൽ അതിന്റെ പ്രവർത്തനവും അവസാനിപ്പിച്ചു.
നഗരത്തിനുള്ളിലെ കോടികൾ വിലവരുന്ന കെട്ടിടങ്ങളും ഭൂമിയും വാടകയ്ക്ക് നൽകിയാൽ വൻതുക ലഭിക്കുമെന്നിരിക്കെ ഇതിനൊന്നും ബി.എസ്.എൻ.എൽ ഉന്നത അധികാരികൾ തയാറാകുന്നില്ല. പല ആവശ്യങ്ങൾക്കായി വിവിധ സർക്കാർ ഓഫിസുകൾ വിവിധ സ്ഥലങ്ങളിലുള്ള ബി.എസ്.എൻ.എൽ ഓഫിസുകൾക്കു വേണ്ടി ശ്രമിച്ചെങ്കിലും വൻ തുക വാടക ആവശ്യപ്പെട്ടതോടെ ഇവരെല്ലാം പിന്മാറുകയായിരുന്നു. എസ്.എൻ.എൽ കെട്ടിടങ്ങളുടെ സംരക്ഷണ ചുമതല കേന്ദ്രസർക്കാരിനാണ്.
കേന്ദ്ര, സംസ്ഥാന സർക്കാരിന്റെ വിവിധ ഓഫിസുകൾ പ്രവർത്തിക്കാൻ കെട്ടിടങ്ങൾ ഇല്ലാതെ മറ്റ് നഗരങ്ങളിലേക്ക് കുടിയേറുന്നതിനിടെയാണ് ശതകോടികൾ വില വരുന്ന കെട്ടിടങ്ങൾ മൂവാറ്റുപുഴ നഗരത്തിനുള്ളിൽ കാടുകയറി നശിക്കുന്നത്.
2022 ഡിസംബർ 19ന് ബി.എസ്.എൻ.എൽ കസ്റ്റമർ കെയർ സെന്റർ പ്രവർത്തിച്ചിരുന്ന കെട്ടിടം ഒഴിപ്പിച്ചു ഇവിടെ സംസ്ഥാന ലോട്ടറി ഉപകേന്ദ്രം തുറക്കാൻ ശ്രമം നടന്നെങ്കിലും വൻതുക വാടകയും മറ്റും ആവശ്യപ്പെട്ടതോടെ ലോട്ടറി വകുപ്പ് പിന്മാറി ഇതിന് സമീപമുള്ള ബി.എസ്.എൻ.എൽ ക്വാർട്ടേഴ്‌സുകളിൽ ഭൂരിപക്ഷം കാടുകയറി വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ
കോടികണക്കിന് രൂപ വിലവരുന്ന വസ്തുവകകൾ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ കേന്ദ്രസർക്കാർ കൈക്കൊള്ളണം. ആർക്കും ഉപയോഗമില്ലാതെ ഈ കെട്ടിടങ്ങളെ പൂർണ നാശത്തിലേക്ക് വിടുന്നത് എന്തിനെന്ന് വ്യക്തമാകുന്നില്ല. തീർത്തും അനുചിതമായ നടപടിയാണ് അധികൃതർ സ്വീകരിക്കുന്നത്.
കെ.മോഹനൻ
സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി
എംപ്ലോയ്സ് അസോസിയേഷൻ
ബി.എസ്.എൻ.എൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |