തുറവൂർ : ആഴ്ചകൾക്ക് മുമ്പ് പുനർനിർമ്മാണത്തിനായി പൊളിച്ച വളമംഗലം - കുത്തിയതോട് റോഡ് ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കാത്തതിനെതിരെ പ്രതിക്ഷേധം ശക്തമാകുന്നു. കുണ്ടുംകുഴിയുമായി കിടന്ന റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ സംസ്ഥാന സർക്കാരിന്റെ 2കോടി രൂപ മുടക്കി 2.84 കിലോമീറ്റർ ദൂരത്തിൽ പുനർനിർമ്മിക്കുന്നതിനായി കഴിഞ്ഞ ജനുവരി 28നാണ് മുന്നറിയിപ്പില്ലാതെ പൊളിച്ചത്.
ദേശീയപാതയിൽ എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്നതിനാൽ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷനേടാൻ നിരവധി വാഹനങ്ങൾ ആശ്രയിക്കുന്നതാണ് ഈ റോഡ്. വളമംഗലം മേഖലയിലെ പ്രധാന റോഡുകളിൽ ഒന്നുമാണ്. റോഡിനോട് ചേർന്ന പ്രധാന ശിവക്ഷേത്രമായ പുരന്ദരേശ്വരത്ത് ക്ഷേത്രത്തിൽ മഹാശിവരാത്രി ഉത്സവം ആരംഭിക്കാനിരിക്കെ റോഡിന്റെ ശോച്യാവസ്ഥ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ദേവസ്വം പ്രസിഡന്റ് അഡ്വ. എസ്. മുരളീകൃഷ്ണൻ ജില്ലാ കളക്ടർക്ക് നിവേദനം നൽകി.
മെറ്റലിൽ തട്ടി വീഴും
1.മെറ്റൽ ചിതറിക്കിടക്കുന്നതിനാൽ റോഡിൽ നിലവിൽ കാൽനടയാത്ര പോലും പ്രയാസമാണ്
2.പൊടിശല്യവും രൂക്ഷമാണ്. നിരവധി വിദ്യാർത്ഥികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡാണിത്
3.നിത്യേന റോഡിൽ അപകടങ്ങളുമേറി. ഓട്ടോ,ടാക്സി വാഹനങ്ങൾ പോലും ഇതുവഴി വരാത്ത സ്ഥിതിയാണ്
4.രോഗികളെ ആശുപത്രികളിൽ എത്തിക്കാനും പ്രയാസം നേരിടുന്നതായി നാട്ടുകാർ പറയുന്നു
പുനർനിർമ്മിക്കുന്നത്
2.84 കി.മീ.
റോഡ് അടിയന്തിരമായി ടാർ ചെയ്യണം. അല്ലെങ്കിൽ, മെറ്റൽപ്പൊടി വിതറി വെള്ളമൊഴിച്ച് ഉറപ്പിച്ച് താല്കാലികമായി സഞ്ചാരയോഗ്യമാക്കണം
- അഡ്വ. എസ്. മുരളീകൃഷ്ണൻ,
പുരന്ദരേശ്വരത്ത് ദേവസ്വം പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |