വിവിധ വാണിജ്യ ബാങ്കുകളുടെ 3500-ഓളം ശാഖകളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. ഇതു കൂടാതെ ഒട്ടേറെ സ്വകാര്യ, സഹകരണ ബാങ്കുകളും പണമിടപാടുകൾ നടത്തുന്ന മറ്റ് ധനകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന സംസ്ഥാനമാണിത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസാന്ദ്രത കൂടുതൽ. തിരക്കുപിടിച്ച സ്ഥലങ്ങളിലാണ് ഭൂരിപക്ഷം ബാങ്കുകളുടെയും പ്രവർത്തനം. പഴയതുപോലെ സാധാരണ ഇടപാടുകൾക്ക് ബാങ്കുകളിൽ പോകേണ്ടതില്ലാത്തതിനാൽ മെയിൻ ബ്രാഞ്ചുകളിൽ ഒഴികെ മറ്റു ശാഖകളിൽ തിരക്ക് വളരെ കുറവാണ്. ഓൺലൈനിൽ കാര്യങ്ങൾ ചെയ്യാൻ അറിയാത്ത പ്രായമുള്ളവരാണ് ഇപ്പോഴും കൂടുതലും ബാങ്കുകളിൽ വരുന്നത്. അന്യസംസ്ഥാനക്കാരുടെ ബാഹുല്യവും ലഹരിവസ്തുക്കളുടെ വ്യാപനവുമൊക്കെ കണക്കിലെടുക്കുമ്പോൾ കത്തിമുനയിൽ ഏതു ബാങ്കിലും കൊള്ള നടത്താവുന്ന സാഹചര്യമാണ് കേരളത്തിലെ ബാങ്കുകളിൽ നിലനിൽക്കുന്നതെന്ന് ബോദ്ധ്യപ്പെടുത്തുന്ന ഒരു കവർച്ചയാണ് ചാലക്കുടിക്കു സമീപം പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്നത്.
ഹെൽമറ്റ് ധരിച്ച്, കത്തിയും പിടിച്ച് ഒറ്റയ്ക്ക് കയറിവന്ന ഒരു മോഷ്ടാവ് ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷം രൂപയാണ് കവർന്നത്. ബാങ്കിന് അകത്തും പുറത്തുമുള്ള എല്ലാ ക്യാമറകളിലും കവർച്ച പൂർണമായും പതിഞ്ഞെങ്കിലും കറുത്ത ഹെൽമറ്റും ജാക്കറ്റും ധരിച്ചിരുന്നതിനാൽ അക്രമിയെക്കുറിച്ച് യാതൊരു വ്യക്തതയും ലഭ്യമല്ല. കൈയുറകൾ ധരിച്ചിരുന്നതിനാൽ വിരലടയാളവും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. കവർച്ച നടന്ന ഈ ബാങ്ക് പഴയ ദേശീയപാതയുടെ ഓരത്താണ് സ്ഥിതിചെയ്യുന്നത്. ചുറ്റും നിരവധി സ്ഥാപനങ്ങളും കടകളുമുണ്ട്. എന്നാൽ കവർച്ചയുടെ വിവരമറിഞ്ഞ് പൊലീസ് സംഘം വന്നപ്പോഴാണ് ചുറ്റുമുള്ള കടക്കാർ പോലും വിവരമറിഞ്ഞത്. ബാങ്കിലെ സുരക്ഷാ സംവിധാനങ്ങളുടെ പരിമിതിയെക്കുറിച്ചാണ് ഈ കവർച്ചയുടെ പശ്ചാത്തലത്തിൽ അധികൃതർ കൂടുതൽ ചിന്തിക്കേണ്ടത്.
ക്യാഷ് കൗണ്ടർ പൂട്ടിയിട്ടാണ് ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കാനിരുന്നത്. ഈ സമയത്താണ് കവർച്ച നടന്നത്. ക്യാഷ് കൗണ്ടർ തല്ലിപ്പൊട്ടിച്ച് പണം എടുത്തിട്ടും യാതൊരുവിധ സൈറൺ മുഴങ്ങാനുള്ള സംവിധാനവും അവിടെ ഏർപ്പെടുത്തിയിട്ടില്ല എന്നതാണ് ആദ്യത്തെ കുറവ്. ആധുനിക കാലത്ത് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇതൊക്കെ ഒരുക്കാവുന്നതേയുള്ളൂ. സൈറൺ മുഴങ്ങുമ്പോൾ ഒരുമാതിരിപ്പെട്ട മോഷ്ടാക്കൾ ഉദ്യമം അവസാനിപ്പിച്ച് സ്ഥലം വിടുമെന്നത് തീർച്ചയാണ്. ഇനി, അതില്ലെങ്കിൽ സായുധരായ സെക്യൂരിറ്റി ജീവനക്കാരെ ഓരോ ബാങ്കിലും നിയോഗിക്കാവുന്നതാണ്. നിലവിലുള്ള ജീവനക്കാരെ കുറയ്ക്കുന്നതിൽ മാത്രം ശ്രദ്ധിക്കുന്ന ബാങ്കുകൾ അതിന് എത്രമാത്രം തയ്യാറാകുമെന്നതാണ് കാണേണ്ടത്. ബാങ്കുകളിൽ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കാനും ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ പൊലീസിനും മറ്റും അലർട്ട് നൽകുന്നതിനുമുള്ള സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്താനും ബാങ്കുകൾ നടപടിയെടുക്കണമെന്ന് തൃശൂർ ഡി.ഐ.ജി തന്നെ പറഞ്ഞിട്ടുണ്ട്.
ഇതൊന്നുമല്ലെങ്കിൽ, ആയുധങ്ങളുമായി കടന്നുവരുന്നവരെ തിരിച്ചറിയാൻ എയർപോർട്ടുകളിലും മറ്റും സ്ഥാപിച്ചിട്ടുള്ള സ്‌കാനർ സംവിധാനങ്ങൾ സ്ഥാപിക്കാവുന്നതേയുള്ളൂ. പണത്തിന് ദൗർലഭ്യമില്ലാത്ത ബാങ്കുകൾക്ക് ഇതൊന്നും വലിയ തടസമുള്ള കാര്യമല്ല. നാട്ടിലുള്ളവർക്ക് വീടു വയ്ക്കാൻ വായ്‌പ നൽകുന്ന ബാങ്കുകളിൽ ബഹുഭൂരിപക്ഷവും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. സുരക്ഷാ സംവിധാനങ്ങൾക്ക് ഇത്തരം കെട്ടിടങ്ങളിൽ ഏറ്റവും കുറഞ്ഞ പരിഗണനകൾ മാത്രമാണ് ഉള്ളത്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് സുരക്ഷാ സംവിധാനങ്ങളുടെ പരിമിതികളെക്കുറിച്ച് ബന്ധപ്പെട്ടവർ ചിന്തിക്കുന്നത്. ആ രീതി പാടെ മാറേണ്ടതാണ്. മോഷണത്തിനുള്ള സാദ്ധ്യതകൾ മുൻകൂട്ടിക്കണ്ട് അതു തടയാൻ സെകൂരിറ്റി വിദഗ്ദ്ധരുടെ ഉപദേശം സ്വീകരിച്ച് ഫലപ്രദമായ സുരക്ഷാമാർഗങ്ങൾ അവലംബിക്കാൻ ബാങ്ക് അധികാരികൾ തയ്യാറാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |