ഞങ്ങൾക്കും രാജിവയ്ക്കണം!
പതിവുപോലെ രാവിലെ ആശുപത്രിയിലെത്തി ഒ.പി. മുറിയുടെ കതകു തുറപ്പോൾ ഞാനൊന്നു ഞെട്ടി. എന്റെ സീറ്റിൽ ഗൈനക്കോളജിസ്റ്റ് ഇരുന്ന് കുട്ടികളെ പരിശോധിക്കുന്നു! സ്ത്രീകളെയും ഗർഭിണികളെയും പരിശോധിക്കേണ്ട ഇവരെന്തിനാണ് എന്നെ കാണാൻ വന്ന കുട്ടികളെ പരിശോധിക്കുന്നത്?
'എന്തുപറ്റി ഡോക്ടർ... പീഡിയാട്രിക് ഒ.പിയിൽ?"
വെളുക്കെ ചിരിച്ചുകൊണ്ട് ഗൈനക് ഡോക്ടർ പ്രതിവചിച്ചു: ''ഞാൻ ഗൈനക്കോളജിയിൽനിന്ന് രാജിവച്ച്, പീഡിയാട്രിക്സിൽ ചേർന്നു."
'ങേ! അതെവിടുത്തെ ന്യായം?" ആത്മഗതം ഉച്ചത്തിലായിപ്പോയി! എങ്ങനെ ആകാതിരിക്കും?
'ഇപ്പോൾ ഇതൊക്കെ പതിവല്ലേ! ഒരു സ്‌പെഷ്യാലിറ്റിയിൽ നിന്ന് രാജിവച്ച് മറ്റു സ്‌പെഷ്യാലിറ്റിയിൽ ചേരാം. രോഗികളുടെ മാൻഡേറ്റ് ഉണ്ടെങ്കിൽ കുഴപ്പമില്ല.""
ഞാൻ വീണ്ടും ഞെട്ടി. ഇതെവിടെയോ കേട്ടിട്ടുണ്ടല്ലോ! 'അപ്പോൾ ഞാനെന്തു ചെയ്യും?" ഞാൻ നിസ്സഹായനായി!
'ഡോക്ടർക്ക് പീഡിയാട്രിക്സിൽ നിന്ന് പ്രതീക്ഷിച്ച അംഗീകാരവും സ്ഥാനവും കിട്ടുന്നില്ലെങ്കിൽ രാജിവയ്ക്കൂ. എന്നിട്ട് അതൊക്കെ കിട്ടുന്ന സ്‌പെഷ്യാലിറ്റി ഏതെന്നു നോക്കി അവിടെ ജോയിൻ ചെയ്യൂ..."
തല പെരുത്തു വരുന്നതുപോലെ. ഞാൻ ഡ്യൂട്ടി റൂമിലേക്കു നടന്നു. തണുത്ത വെള്ളംകൊണ്ട് നന്നായിട്ടൊന്ന് മുഖം കഴുകി. കസേരയിൽ ചാരിയിരുന്ന് അന്നത്തെ പത്രമെടുത്ത് അലസമായി നോക്കി, തലവാചകങ്ങൾ മാത്രം വായിച്ചു.
ങേ! ആയുർവേദത്തിൽ കൂട്ടരാജി; അലോപ്പതിയിലേക്ക് കുത്തൊഴുക്ക്!
ഒരു തലക്കെട്ടാണ്.
ഹോമിയോയിൽ നിന്ന് രാജിവച്ച് ഡോക്ടർമാർ വെറ്ററിനറി രംഗത്തേക്ക്!
മറ്റൊന്ന് ! ഞാൻ അത്ഭുതസ്തബ്ദ്ധനായി !
അല്പ നിമിഷങ്ങൾക്കുശേഷം മനസ് ശാന്തമാക്കാൻ ആശുപത്രി വരാന്തയിലേക്കു നടന്നു. ഹൃദ്രോഗ വിഭാഗത്തിന്റെ മുന്നിലൂടെ നടന്നു നീങ്ങിയപ്പോൾ ഒ.പിയിൽ നിന്നുമുള്ള സംസാരം കേട്ടു.
'കഴിഞ്ഞമാസം എനിക്ക് ബൈപാസ് സർജറി ചെയ്ത ഡോക്ടർ റിവ്യൂവിനു വന്ന എന്നോട് പൊടുന്നനെ എന്താ വൈരുദ്ധ്യാന്തമകമായി ഇങ്ങനെ പറയുന്നത്?"
'ശാന്തനാകൂ പ്രശാന്താ... പറഞ്ഞത് ഒന്നുകൂടി ആവർത്തിക്കാം. ഇനി നിങ്ങൾക്ക് ഇംഗ്ലീഷ് മരുന്നുകളുടെ ആവശ്യമില്ല. അസാരം ദശമൂലാരിഷ്ടവും അർജുനാരിഷ്ടവും പിപ്പല്യാസവും മതിയാകും"
ഹൃദയ ശസ്ത്രക്രീയാ വിദഗ്ദ്ധൻ രാജിവച്ചിരിക്കുന്നു! ബോർഡിൽ 'ശല്യതന്ത്ര വിദഗ്ദ്ധൻ!"
വിശ്വാസം പോരാഞ്ഞ് ആശുപത്രിയിലെ ആയുർവേദ വിഭാഗത്തിന്റെ വരാന്തയിലൂടെ ഒന്നു നടന്നുനോക്കി.
ഡോ. വാസുദേവ ശർമ്മ, ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ്. ശർമ്മ വൈദ്യൻ നവലിബറൽ ഡോക്ടറായിക്കഴിഞ്ഞു. ഡോ. ശർമ്മ രോഗിയോട്: 'അരിഷ്ടങ്ങളും ആസവങ്ങളും ഇനി വേണ്ടാ ട്ടോ! ഇമ്മിണി ആന്റിബയോട്ടിക് സേവയാകാം ഇനി. പഥ്യവും അങ്ങട് ഉപേക്ഷിക്ക്യ! പൊറോട്ടയോ ബീഫോ എന്താച്ചാൽ അതൊക്കെ യഥേഷ്ടം അങ്ങട് കഴിച്ചോളൂ. ഭേദാവും, നിശ്ശം!"
മൂക്കറ്റം വരെ ഗ്യാസ് കയറിയ രോഗി അന്തംവിട്ടു നിൽക്കുന്നു.
ആശുപത്രിയിൽ നിന്നിറങ്ങി റോഡിലൂടെ വെറ്ററിനറി ആശുപത്രിയും ഹോമിയോ ആശുപത്രിയും കൂടി സന്ദർശിക്കാമെന്നു ചിന്തിച്ചു.
വമ്പൻ രാഷ്ട്രീയ കാലുമാറ്റങ്ങളുടെ വാർത്തകൾ ന്യൂസ്ചാനലിലൂടെ ആവേശത്തോടെ അറിയിച്ചുകൊണ്ടിരുന്ന ശബ്ദകോലാഹലങ്ങൾക്കിടയിൽ ഉച്ചയുറക്കത്തിൽ നിന്ന് ഞാൻ ഞെട്ടിയുണർന്നു!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |