ഭൂഗർഭജലത്തിൽ 23214 ഘന മീറ്റർ വർദ്ധന
പാലക്കാട്: ഭൂജല സംരക്ഷണത്തിൽ രാജ്യത്തിന് മാതൃകയായി സുസ്ഥിര തൃത്താല പദ്ധതി. തൃത്താലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി മന്ത്രി എം.ബി.രാജേഷ് ആവിഷ്‌കരിച്ച പദ്ധതിയിലൂടെ ഭൂഗർഭജല വകുപ്പ് നടപ്പാക്കിയത് 30 കൃത്രിമ ഭൂജല സംപോഷണ പദ്ധതികളാണ്. മണ്ഡലത്തിലെ 56 കുളങ്ങൾക്കാണ് പുനർജീവനേകിയത്. ഇതുമൂലം 23214 ഘന മീറ്റർ ഭൂഗർഭജലമാണ് അധികമായി വർദ്ധിപ്പിക്കാനായത്.
കൃത്രിമ റീചാർജിങ് വഴി പ്രതിദിനം 16000 ലിറ്റർ ശേഷിയുള്ള രണ്ട് സംഭരണികൾ തയ്യാറാക്കി. സമീപത്തെ കിണറുകളും വറ്റാത്ത ഇടങ്ങളായി മാറി.
ജലവിഭവ വകുപ്പ് എട്ട് പഞ്ചായത്തുകളിലായി 11 ലിഫ്റ്റ് ഇറിഗേഷൻ സ്‌കീമുകൾ നവീകരിച്ചു പ്രവർത്തന ക്ഷമമാക്കി.1410 ഹെക്ടർ കൃഷിയിടത്തിലേക്കുള്ള ജലസേചനത്തിന് പദ്ധതി ഉപകാരപ്രദമായി. 68 കാർഷിക കുളങ്ങൾ മഴവെള്ള സംഭരണത്തിലൂടെ ജല സമൃദ്ധമായി.കാർഷിക കുളങ്ങൾക്ക് സമീപമുള്ള കിണറുകളും വറ്റാത്ത ഉറവിടമാക്കാൻ ഇതു പ്രകാരം സാധിച്ചു. താൽക്കാലിക ചെക്ക് ഡാമുകൾ നിർമ്മിച്ച് വെള്ളത്തിന്റെ ഒഴുക്ക് ക്രമപ്പെടുത്തി. ഭൂഗർഭജല റീചാർജിങ് വർദ്ധിച്ചതുമൂലം വറ്റാത്ത തോടുകളെ സൃഷ്ടിച്ചെടുക്കാനും കഴിഞ്ഞു. ഉൾനാടൻ മത്സ്യബന്ധനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 84 കുളങ്ങളിലേക്ക് മത്സ്യബന്ധനം വ്യാപിപ്പിച്ചു. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും ശുദ്ധമായ ജല ലഭ്യതയുള്ള കുളങ്ങളാക്കി മാറ്റാനും പദ്ധതി മുഖേന കഴിഞ്ഞു.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി 544 കിണറുകൾ റീചാർജ് ചെയ്തു. 353 പുതിയ കിണറുകൾ നിർമ്മിച്ച് ജല ലഭ്യത ഉറപ്പു വരുത്തി. 6017 മഴക്കുഴികൾ എടുക്കാനും തൊഴിലുറപ്പ് പദ്ധതി പ്രകാരം കഴിഞ്ഞു. 68 ഫാം കുളങ്ങൾ, 100 നീർച്ചാലുകൾ, 20 പച്ച തുരുത്ത് എന്നിങ്ങനെ വിവിധങ്ങളായ പദ്ധതികൾ ആവിഷ്‌കരിച്ച് തൃത്താലയെ ഹരിതാഭമാക്കാനും പദ്ധതി പ്രയോജനപ്പെട്ടു. വെള്ളം മണ്ണിലേക്ക് തന്നെ ഊർന്നിറങ്ങുന്നതിന് 135 വാർഡുകളിലായി ഒരു ലക്ഷം തെങ്ങിൻ തൈകളാണ് തൊഴിലുറപ്പിലൂടെ നട്ടു പിടിപ്പിച്ചത്. 49.01 ലക്ഷം രൂപയാണ് കൃത്രിമ ഭൂജല സംപോഷണ പദ്ധതികൾക്കായി വിനിയോഗിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |