ന്യൂഡൽഹി: ഡൽഹി തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനുപിന്നാലെ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളിന് കരുക്ക് മുറുകുന്നു. മുഖ്യമന്ത്രിയായിരിക്കെ ഔദ്യോഗിക വസതി മോടി പിടിപ്പിച്ചെന്ന ആരോപണത്തിൽ കേജ്‌രിവാളിനെതിരെ സമഗ്രമായ അന്വേഷണം നടത്താൻ കേന്ദ്ര വിജിലൻസ് കമ്മിഷൻ സി.വി.സി) ഉത്തരവ്. അന്വേഷിക്കാൻ കേന്ദ്ര പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. 34 കോടി രൂപ ചെലവാക്കി വസതി മോടി പിടിപ്പിച്ചെന്ന ആരോപണം
'ചില്ലു കൊട്ടാരം'(ശീശ് മഹൽ) എന്ന പേരിൽ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രചരണായുധമാക്കിയിരുന്നു.
മാനദണ്ഡങ്ങൾ ലംഘിച്ചു
2024 ഒക്ടോ. 14: എട്ട് ഏക്കർ വിസ്തൃതിയിൽ കെട്ടിട മാനദണ്ഡങ്ങൾ ലംഘിച്ച് ആഡംബര വസതി നിർമ്മിച്ചെന്ന് ബി.ജെ.പി നേതാവ് വിജേന്ദർ ഗുപ്‌തയുടെ പരാതി
രാജ്പൂർ റോഡിലെ രണ്ട് ടൈപ്പ്-വി ഫ്ലാറ്റുകളും ഫ്ലാഗ് സ്റ്റാഫ് റോഡിലെ രണ്ട് ബംഗ്ലാവുകളും (8-എ & 8-ബി,) പൊളിച്ചുപണിതു
ഒക്ടോ. 16: സി.വി.സി കേസ് രജിസ്റ്റർ ചെയ്ത ശേഷം നവംബറിൽ, കൂടുതൽ പരിശോധനയ്ക്കായി സി.പി.ഡബ്ല്യു.ഡിക്ക് കൈമാറി
ആഡംബര നവീകരണങ്ങൾക്കും ഇന്റീരിയർ ഡെക്കറേഷനുകൾക്കുമായി പൊതുപണം ദുരുപയോഗം ചെയ്തതായി ആരോപിച്ച് ഗുപ്‌തയുടെ മറ്റൊരു പരാതി
ഡിസം. 5: സി.പി.ഡബ്ല്യു.ഡി ചീഫ് വിജിലൻസ് ഓഫീസർ പരാതിയെ അടിസ്ഥാനമാക്കി വസ്തുതാ റിപ്പോർട്ട് സമർപ്പിച്ചു
എ.എ.പി കൗൺസിലമാർ
ബി.ജെ.പിയിൽ
ആം ആദ്‌മി പാർട്ടിക്ക് വീണ്ടും പ്രഹരം നൽകി മൂന്ന് കോർപറേഷൻ കൗൺസിലമാർ ബി.ജെ.പിയിൽ ചേർന്നു. ഇതോടെ ഏപ്രിലിലെ മേയർ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയമുറപ്പായി. മൂന്നുപേർ പോയതോടെ 250 അംഗ എം.സി.ഡിയിൽ (മുനിസിപ്പൽ കോർപറേഷൻ ഒഫ് ഡൽഹി) ആം ആദ്‌മി അംഗബലം 116ആയി. ബി.ജെ.പിയുടേത് 112ഉം. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ എട്ടും എ.എ.പിയുടെ മൂന്നും കൗൺസിലർമാർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.കൗൺസിലമാർക്ക് പുറമെ ഡൽഹിയിലെ 7 ലോക്‌സഭാ എം.പിമാർ, മൂന്ന് രാജ്യസഭാ എം.പിമാർ, സ്‌പീക്കർ നോമിനേറ്റ് ചെയ്യുന്ന 14 എം.എൽ.എമാർ എന്നിവർക്കും വോട്ടവകാശമുണ്ട്. 48 നിയമസഭാ സീറ്റുള്ള ബി.ജെ.പിക്ക് കൂടുതൽ എം.എൽ.എമാരെ നോമിനേറ്റ് ചെയ്യാം. ഏഴ് എം.പിമാരുമുണ്ടാകും.
എക്‌സ് ഹാൻഡിലിനെ
ചൊല്ലിയും വിവാദം
മുഖ്യമന്ത്രിയായിരുന്ന സമയത്തെ 'മുഖ്യമന്ത്രിയുടെ ഓഫീസ്' എന്ന ഔദ്യോഗിക എക്‌സ് ഹാൻഡിലിന്റെ പേര് ആം ആദ്‌മി '@KejriwalAtWork' എന്ന് പുനർനാമകരണം ചെയ്തതുമായി ബന്ധപ്പെട്ട് പുതിയ വിവാദം. 9.9 ലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന '@CMOdelhi' എന്ന അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് ഡൽഹി സർക്കാർ എക്‌സിന് കത്തെഴുതി. ഔദ്യോഗിക അക്കൗണ്ടുകൾ പിൻഗാമികൾക്ക് കൈമാറുന്നതാണ് പതിവെന്ന് ബി.ജെ.പി പറയുന്നു. കേജ്‌രിവാളിന്റെ ഉപയോഗത്തിനായി അക്കൗണ്ട് നിയമവിരുദ്ധമായി സ്വകാര്യവത്‌കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |