കെയ്റോ: യു.എസ് പൗരൻ ഉൾപ്പടെ മൂന്ന് ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്. യെയർ ഹോൺ, സാഗുയി ഡെക്കൽ-ചെൻ, അലക്‌സാണ്ടർ ട്രൂഫനോവ് എന്നിവരെയാണ് മോചിപ്പിച്ചത്. ഖാൻ യൂനിസിൽ വെച്ച് റെഡ് ക്രോസിനാണ് ഇവരെ കൈമാറിയത്. ബന്ദികളെ സ്വീകരിച്ചതായി ഇസ്രയേൽ സൈനിക വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു. ഇവരെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം ഇസ്രയേലിലേക്ക് കൊണ്ട് പോകും. വിട്ടയച്ച മൂന്ന് തടവുകാരും ഭേദപ്പെട്ട ശാരീരിക നിലയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവരുടെ ചിത്രവും ഇതിനോടകം സൈന്യം പുറത്തു വിട്ടു. 369 പലസ്തീൻ തടവുകാർക്ക് പകരമായാണ് ഇസ്രയേലിൽ നിന്നുള്ള മൂന്ന് ബന്ദികളെ കൈമാറുന്നത്.
ബന്ദിമാറ്റത്തിന്റെ ആറാം ഘട്ടമാണ് നിലവിൽ പുരോഗമിക്കുന്നത്. ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചെന്നാരോപിച്ച് ബന്ദികളെ കൈമാറില്ലെന്നാണ് ഹമാസ് നിലപാടെടുത്തിരുന്നത്. കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ, കൂടാരങ്ങൾ, ഇന്ധനം, ചികിത്സയ്ക്കാവശ്യമായ സാമഗ്രികൾ എന്നിവ ഗാസയിലെത്തുന്നത് ഇസ്രയേൽ വൈകിപ്പിക്കുന്നെന്നാണ് ഹമാസിന്റെ ആരോപണം. ഇതിന്റെപേരിലാണ് ബന്ദിമോചനം വൈകിപ്പിക്കുമെന്ന് അവർ പറഞ്ഞത്. എന്നാൽ ശനിയാഴ്ച്ചെയ്ക്കുള്ളൽ മുഴുവൻ ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ വീണ്ടും യുദ്ധം തുടങ്ങുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഗാസയിൽ തടവിലാക്കിയ എല്ലാ ബന്ദികളെ ഹമാസ് വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ റദ്ദാക്കണമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു. ശേഷം ഈജിപ്തിന്റെയും ഖത്തറിന്റെയും ഉദ്യോഗസ്ഥരുമായി ഹമാസ് സംഘം നടത്തിയ ചർച്ചയിലാണു തടസ്സം നീങ്ങിയത്. ഇതുവരെ 21 ഇസ്രായേൽ ബന്ദികളേയും 730ലധികം പലസ്‌തീൻ തടവുകാരേയും വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് മോചിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |