വാഷിംഗ്ടൺ: പുനർനാമകരണം ചെയ്‌ത ഗൾഫ് ഓഫ് അമേരിക്കയെ ഗൾഫ് ഓഫ് മെക്സിക്കോ എന്ന് തുടർന്നും വിശേഷിപ്പിച്ച അസോസിയേറ്റഡ് പ്രസ്സിന് വിലക്ക് ഏർപ്പെടുത്തി വൈറ്റ് ഹൗസ്. വൈറ്റ് ഹൗസ് പ്രതിദിന വാർത്ത സമ്മേളനത്തിൽ നിന്നും പ്രസിഡന്റിന്റെ എയർ ഫോഴ്സ് വൺ വിമാനത്തിൽ നിന്നുമാണ് എപിയെ വലക്കിയത്. അനിശ്ചിതകാലത്തേക്കാണ് വിലേർപ്പെടുത്തിയത്. ട്രംപ് ഭരണകൂടമാണ് ഗൾഫ് ഓഫ് മെക്സിക്കോയെ ഗൾഫ് ഓഫ് അമേരിക്ക എന്ന് പുനർനാമകരണം നടത്തിയത്. അധികാരത്തിൽ തിരിച്ചെത്തിയതിന് പിന്നാലെ ട്രംപ് പേര് മാറ്റുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവയ്ക്കുകയായിരുന്നു. പിന്നാലെ ഗൂഗിൾ മാപ്സ് ഗൾഫ് ഓഫ് അമേരിക്ക എന്ന് പേര് മാറ്റിയിരുന്നു. എന്നാൽ അന്തർദേശീയ വാർത്താ ഏജൻസികൾ ഗൾഫ് ഓഫ് മെക്സിക്കോ എന്ന് തന്നെയാണ് ഉപയോഗിക്കുന്നത്. ഇതോടെയാണ് അസോസിയേറ്റഡ് പ്രസ്സിന് വൈറ്റ് ഹൌസ് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ എപിയുടെ ഫോട്ടോഗ്രാഫർമാർക്ക് വിലക്കില്ല.
എ പി പേര് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകുന്നു എന്നാണ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ടെയ്‌ലർ ബുഡോവിച്ച് അറിയിച്ചത്.
ട്രംപ് ഭരണകൂടവും മെക്സിക്കോയും തമ്മിലെ പോര് രൂക്ഷമായതിന് പിന്നാലെയായിരുന്നു പേര് മാറ്റം. പിന്നാലെ മെക്സിക്കോയ്ക്ക് മേൽ 25 ശതമാനം അധിക നികുതി ചുമത്തിയിരുന്നു. പിന്നീട് മെക്സിക്കോ പ്രസിഡന്‍റ് ക്ലോഡിയ ഷൈൻബോമുമായി ട്രംപ് ചർച്ച നടത്തിയതിനെ തുടർന്ന് ഈ തീരുമാനത്തിൽ ഏർപ്പെടുത്തിയ അധിക നികുതി ഒരു മാസത്തേക്ക് മരവിപ്പിച്ചു. തെക്കൻ അതിർത്തിയിലൂടെയുള്ള അഭയാർത്ഥി പ്രവാഹം തടയാൻ മെക്സിക്കോ 10,000 സൈനികരെ അയക്കുമെന്ന് ഉറപ്പ് കിട്ടിയതായും ട്രംപ് വ്യക്തമാക്കുകയുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |