കൊച്ചി: ധന അവലോകന നയത്തിൽ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോയിൽ വരുത്തിയ മാറ്റത്തിന് ആനുപാതികമായി വാണിജ്യ ബാങ്കുകൾ ഭവന വായ്പകളുടെ പലിശ കുറച്ചു. റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിന്നും 6.25 ശതമാനമായാണ് റിസർവ് ബാങ്ക് കുറച്ചത്. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, കനറാ ബാങ്ക്, യൂണിയൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ തുടങ്ങിയവയാണ് റിപ്പോയുമായി ബന്ധിപ്പിച്ചിട്ടുള്ള വായ്പകളുടെ പലിശയിൽ കുറവ് വരുത്തിയത്. വായ്പാ കാലാവധിയിൽ മാറ്റം വേണ്ടാത്ത ഭവന ഉപഭോക്താക്കൾക്ക് പ്രതിമാസ തിരിച്ചടവ് തുക(ഇ.എം.ഐ) കുറയ്ക്കാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാം. നിലവിലുള്ള ഇ.എം.ഐ തുകയിൽ മാറ്റം വരുത്താതിരുന്നാൽ വായ്പാ കാലാവധി കുറയും. പുതുതായി ഭവന വായ്പകൾ എടുക്കുന്നവർക്കും നിലവിലുള്ള ഉപഭോക്താക്കൾക്കും ഇളവിന്റെ പ്രയോജനം ലഭിക്കും. ഭൂരിപക്ഷം ഭവന വായ്പാ ഉപഭോക്താക്കളും റിപ്പോ ബന്ധിത പലിശ നിരക്കാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
എസ്.ബി.ഐയുടെ എക്സ്റ്റേർണൽ ബെഞ്ച്മാർക്ക് ബന്ധിത ഭവന വായ്പയുടെ പലിശ 9 ശതമാനത്തിൽ നിന്ന് 8.75 ശതമാനമായി കുറയും. റിപ്പോ ബന്ധിത വായ്പയുടെ പലിശ 8.75 ശതമാനത്തിൽ നിന്ന് 8.5 ശതമാനമായും കുറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |