ന്യൂഡൽഹി: രാഷ്‌ട്രപതി ഭരണം നിലവിൽ വന്ന മണിപ്പൂരിൽ 9 വിഘടനവാദികളെ അറസ്റ്റു ചെയ്‌തു. കേന്ദ്ര സേന സമ്പൂർണ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെയാണിത്. ഇംഫാൽ ഈസ്റ്റ്, തൗബാൽ ജില്ലകൾ കേന്ദ്രമാക്കി പ്രവർത്തിച്ച വിവിധ നിരോധിത ഗ്രൂപ്പുകളിൽപ്പെട്ട വിഘടനവാദികളാണിവർ. തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടൽ, പൊതുജനങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ, പെട്രോൾ പമ്പ് ഉടമകൾ തുടങ്ങിയവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ തുടങ്ങിയ ക്രിമിനൽ പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നവരാണിവർ. തൗബാൽ ജില്ലയിലെ ചിങ്‌ഡോംപോക്ക് മേഖലയിൽ നിന്ന് കാങ്‌ലെയ്‌പാക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (നോയോൺ) നാല് സജീവ അംഗങ്ങളെയും ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖബീസോയ് മേഖലയിൽ കെ.സി.പിയുടെ (പി.ഡബ്ല്യു.ജി) നാല് സജീവ അംഗങ്ങളെയുമാണ് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‌തത്. ഇവരിൽ നിന്ന് ഇരുചക്ര വാഹനങ്ങളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ നുൻഗോയ് അവാംഗ് ലെയ്‌കായ് പ്രദേശത്ത് നിന്ന് യു.എൻ.എൽ.എഫ് (പാംബെയ്) സംഘടനയിലെ ഒരാളും പിടിയിലായി. ഇംഫാൽ നഗരത്തിലുൾപ്പെടെ ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്ന സംഘത്തിൽ ഇയാൾ ഉൾപ്പെടുന്നു.
ഇയാളിൽ നിന്ന് ഒരു പിസ്റ്റൾ പിടിച്ചെടുത്തു. അതിനിടെ കാക്ചിംഗ് ജില്ലയിലെ ഹിയാങ്‌ലാം നടേഖോങ് തോങ്‌ജിൻ പ്രദേശത്തെ നദീതീരത്ത് നിന്ന് സുരക്ഷാ സേന രണ്ട് സിംഗിൾ ബാരൽ തോക്കുകൾ, ഒരു സ്‌നൈപ്പർ റൈഫിൾ, ഒരു നാടൻ പിസ്റ്റൾ, അഞ്ച് ഹാൻഡ് ഗ്രനേഡുകൾ, നാല് ഐ.ഇ.ഡികൾ, ഇൻസാസ് റൈഫിളിന്റെ വെടിയുണ്ടകൾ, ഒരു 9 എം.എം പിസ്റ്റൾ, രണ്ട് ഹാൻഡ്‌സെറ്റുകൾ, ഒരു ചൈന നിർമ്മിത ഡ്രോൺ എന്നിവ പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |