വണ്ണപ്പുറം: കാപ്പിക്കുരുവും അടയ്ക്കായും മോഷ്ടിച്ച കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയ യുവാവിനെ റബ്ബർഷീറ്റും ഒട്ടുപാലും മോഷ്ടിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു. വണ്ണപ്പുറം കാപ്പിലാംചുവട് സ്വദേശി ഓലിക്കൽ ഷിഹാബാണ് (38) പിടിയിലായത്. മോഷ്ടിച്ച ശേഷം ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന റബ്ബർ ഷീറ്റും ഒട്ടുപാലും പ്രതിയുടെ വീടിന്റെ അടുത്തുള്ള തോടിന്റെ അരികിൽ നിന്ന് കാളിയാർ പൊലീസ് കണ്ടെടുത്തു. ഇവ കഴിഞ്ഞ ദിവസം വണ്ണപ്പുറം കാപ്പിലാംചുവട് കരിന്തോളിൽ ടാജു മോന്റെ വിട്ടിൽ നിന്ന് മോഷണം പോയതാണെന്ന് പൊലീസ് പറഞ്ഞു. മോഷണ വസ്തുക്കൾക്ക് 9000 രൂപ വില മതിക്കുന്നതായി പൊലീസ് പറഞ്ഞു. ജനുവരി 18ന് രാത്രി മുണ്ടൻമുടി തോട്ടുങ്കൽ മാത്യുവിന്റ വീട്ടിൽനിന്ന് ഷിഹാബും ഇയാളുടെ സഹ മോഷ്ടാവ് അശ്വിനും ചേർന്ന് 60 കിലോ കാപ്പിക്കുരുവും ഉണങ്ങാനിട്ടിരുന്ന അടയ്ക്കായും മോഷ്ടിച്ചിരുന്നു. ഈ കേസിൽ ഇവർ രണ്ടു പേരും റിമാൻഡിലായിരുന്നു. ഷീറ്റ് മോഷണം ശിഹാബ് തനിച്ചാണ് നടത്തിയതെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |