മലയോര ഹൈവേ കോടഞ്ചേരി- കക്കാടംപൊയിൽ ആദ്യ റീച്ച് നാടിന് സമർപ്പിച്ചു
കോഴിക്കോട്: സംസ്ഥാന വ്യവസായ വകുപ്പിനെ പ്രശംസിച്ച കോൺഗ്രസ് എം.പി ശശി തരൂരിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പേരെടുത്ത് പറയാതെയായിരുന്നു പരാമർശം. കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെയാണ് അദ്ദേഹം അക്കമിട്ട് ചൂണ്ടിക്കാണിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ചില മേഖലകളിൽ വലിയ വികസനമുണ്ടായി. അത് രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്നതാണെന്ന് വസ്തുതകൾ ഉദ്ധരിച്ചുകൊണ്ട് സമൂഹത്തിൽ കാര്യങ്ങൾ വിശദമായി മനസിലാക്കുന്ന ജനപ്രതിനിധി വ്യക്തമാക്കി. അദ്ദേഹം ഒരു സാധാരണ പ്രസംഗം നടത്തുകയല്ല ചെയ്തത്. ലോകത്തെ ഐ.ടി സ്റ്റാർട്ടപ്പുകളുടെ വികസനത്തിന്റെ കണക്കെടുത്താൽ കേരളം എത്രയോ മടങ്ങ് മുന്നിലാണെന്ന് വ്യക്തമാകും. ഇക്കാര്യമാണ് ആ ജനപ്രതിനിധി ചൂണ്ടിക്കാട്ടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയോര ഹൈവേ കോടഞ്ചേരി കക്കാടംപൊയിൽ പാതയുടെ ആദ്യ റീച്ചിന്റെ ഉദ്ഘാടനവും മലപുറം കോടഞ്ചേരി റീച്ചിന്റെ പ്രവൃത്തി ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നിക്ഷേപ സൗഹൃദ സംസ്ഥാനത്തിൽ കേരളം ഒന്നാമതെത്തി. വ്യവസായ വളർച്ചയിലും നിക്ഷേപ സൗഹൃദാന്തരീക്ഷത്തിലും സംസ്ഥാനത്തെ ഒന്നാമതെത്തിച്ചതിൽ റോഡുകളുടെ വികസനത്തിന് വലിയ പങ്കുണ്ട്. ഈമാറ്റം കേരളത്തെ മുന്നോട്ട് നയിക്കുകയാണ്. പക്ഷേ ഉത്തരവാദപ്പെട്ട ചിലർ കേരളം നിക്ഷേപ സൗഹൃദമല്ലെന്ന് പരസ്യമായി പറയുന്നു. നിരവധി പരിശോധനകൾക്കു ശേഷമാണ് കേരളത്തിന് ആ സ്ഥാനം ലഭിച്ചത്. ശുപാർശ കൊണ്ട് കിട്ടിയതല്ല. പത്തു നിയമങ്ങളും നിരവധി ചട്ടങ്ങളും ഭേദഗതി ചെയ്തു. നിക്ഷേപമേഖലയിലെ മാറ്റം കേരളത്തെ വലിയ രീതിയിൽ മുന്നോട്ടു നയിക്കുന്നു. അതിന്റെ ഭാഗമായാണ് അംഗീകാരം ലഭിച്ചത്. അതിൽ സന്തോഷിക്കുകയാണ് വേണ്ടത്. എന്തിനാണ് കേരളത്തെ ഇകഴ്ത്തുന്ന നിലപാട് സ്വീകരിക്കുന്നത്. എൽ.ഡി.എഫിനോടുള്ള വിരോധം നാടിനോടുള്ള വിരോധമായി മാറരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. ലിന്റോ ജോസഫ് എം.എൽ.എ, മുൻ എം.എൽ.എ ജോർജ് എം.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
മോദി- ട്രംപ് കൂടിക്കാഴ്ചയെ പുകഴ്ത്തി തരൂർ
ന്യൂഡൽഹി: കോൺഗ്രസും പ്രതിപക്ഷവും വിമർശിക്കുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസിൽ മികച്ച ഇടപെടൽ നടത്തിയെന്ന ശശി തരൂർ എം.പിയുടെ പ്രസ്താവന വിവാദത്തിൽ. പ്രസ്താവന തള്ളിയ കോൺഗ്രസ് തരൂരിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് വ്യക്തമാക്കി. ഇടപെടലുകൾ നടത്തുന്നതിൽ നരേന്ദ്രമോദി തന്നെക്കാൾ കേമനാണെന്ന് വൈറ്റ് ഹൗസിലെ കൂടിക്കാഴ്ചയ്ക്കിടെ ട്രംപ് പറഞ്ഞത് നല്ല കാര്യമാണെന്ന് തരൂർ ചൂണ്ടിക്കാട്ടി. വ്യാപാരം,താരിഫുകൾ തുടങ്ങിയവയിൽ പിന്നീട് ചർച്ച നടത്താൻ കൂടിക്കാഴ്ചയിൽ തീരുമാനമായതും മികച്ചത്. കൂടിക്കാഴ്ച പ്രോത്സാഹജനകമാണെന്നും വലിയ ആശങ്കകൾ പരിഹരിക്കാനായെന്നും തരൂർ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി അമേരിക്കയിൽ അദാനിക്കു വേണ്ടി വാദിച്ചെന്നും കുടിയേറ്റക്കാരെ വിലങ്ങുവച്ച് മടക്കി അയച്ചതിൽ പ്രതിഷേധിക്കാതെ രാജ്യത്തെ നാണം കെടുത്തിയെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. ഇതിനു വിരുദ്ധമായി, മോദിയെ പ്രശംസിച്ച തരൂരിനോട് ഹൈക്കമാൻഡ് വിശദീകരണം തേടിയേക്കും.
ഏത് വ്യവസായമാണ് കേരളത്തിൽ പുതുതായി ഉണ്ടായതെന്ന് മുഖ്യമന്ത്രി പറയട്ടെ. തരൂർ ഏത് സാഹചര്യത്തിൽ ഇത് പറഞ്ഞു എന്നറിയില്ല. അദ്ദേഹത്തോട് ചോദിച്ചിട്ട് പറയാം.
-കെ.സി. വേണുഗോപാൽ
എ.ഐ.സി.സി ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |