ന്യൂഡൽഹി: 119 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായി യു.എസിന്റെ സി-17 സൈനിക വിമാനം ഇന്നലെ രാത്രി അമൃത്‌സർ വിമാനത്താവളത്തിലിറങ്ങി. ഇന്ത്യക്കാരുമായി മറ്റൊരു വിമാനം ഇന്നെത്തും. ഈ മാസം 5ന് 104 പേരെ വിലങ്ങുവച്ചും ചങ്ങലയ്ക്കിട്ടും കൊണ്ടുവന്നത് വിവാദമായിരുന്നു.
ഇന്നലെയെത്തിയ 119 പേരിൽ 67 പേർ പഞ്ചാബിൽ നിന്നുള്ളവരാണ്. 33 പേർ ഹരിയാനയിൽ നിന്നും. മറ്റു സംസ്ഥാനങ്ങളിലുള്ളവർ: 8-ഗുജറാത്ത്, 3-യു.പി, 2 പേർ വീതം-ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ, ഒരാൾ വീതം-ഹിമാചൽ പ്രദേശ്, ജമ്മുകാശ്‌മീർ.
അതേസമയം, നാടുകടത്തുന്നവരെ അമൃത്‌സറിൽ എത്തിക്കുന്നതിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ രംഗത്തെത്തി. കേന്ദ്രം പഞ്ചാബിനെ അപകീർത്തിപ്പെടുത്തുന്നെന്നാണ് ആരോപണം.
വിഷയത്തെ രാഷ്‌ട്രീയവത്‌ക്കരിക്കുന്ന മുഖ്യമന്ത്രിയാണ് പഞ്ചാബിനെ അപമാനിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഫത്തേജംഗ് സിംഗ് ബജ്‌വ പറഞ്ഞു. അനധികൃതമായി ആളുകളെ അയച്ച ഏജന്റുമാർക്കെതിരെ സംസ്ഥാനം എന്ത് നടപടി സ്വീകരിച്ചെന്നു പറയണം. പഞ്ചാബികളുടെ കുടിയേറ്റം അവസാനിപ്പിക്കുമെന്ന വാഗ്‌ദാനം നടപ്പാക്കാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പി.സി.സി അദ്ധ്യക്ഷൻ പ്രതാപ് സിംഗ് ബാജ്‌വയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |