തിരുവനന്തപുരം: ആറു ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാരുമായി മന്ത്രി വീണാ ജോർജ്ജ് നടത്തിയ ചർച്ച പരാജയപ്പെട്ടത്തോടെ രാപ്പകൽ സമരം തുടരാൻ തീരുമാനം. ഉന്നയിച്ച ആവശ്യങ്ങളെ പ്രായോഗികമായി സമീപിക്കാതെ ചർച്ച പ്രഹസനമാക്കിയെന്ന് സമരത്തിന് നേതൃത്വം നൽകിയ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
വരും വരുംദിവസങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ ആശമാരും സമരത്തിൽ പങ്കെടുക്കും. 20ന് സെക്രട്ടേറിയേറ്റ് പടിക്കൽ മഹാസംഗമം സംഘടിപ്പിക്കുമെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ.ബിന്ദു പറഞ്ഞു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ,ജനറൽ സെക്രട്ടറി എം.എ.ബിന്ദു,തിരുവനന്തപുരം പ്രസിഡന്റ് കെ.പി.റോസമ്മ,വൈസ് പ്രസിഡന്റ് റോസി.എം എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ചർച്ചയ്ക്ക് പിന്നാലെ ആശമാർ പ്രതിഷേധ പ്രകടനവും നടത്തി. ഓണറേറിയം വർദ്ധിപ്പിക്കുക,മൂന്നുമാസത്തെ കുടിശിക ഉടൻ നൽകുക,ഓണറേറിയത്തിന് ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ പിൻവലിക്കുക തുടങ്ങിയവ ഉന്നയിച്ചാണ് ആശാവർക്കർമാരുടെ സമരം. രാപകൽ സമരത്തിന്റെ ആറാംദിനമായ ഇന്നലെ ഗാന്ധിയൻ ഡോ. എം.പി.മത്തായി ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥിയുടെ ആത്മഹത്യ :
ക്ളാർക്കിന് സസ്പെൻഷൻ
തിരുവനന്തപുരം: കാട്ടാക്കട പരുത്തിപ്പള്ളി ഗവ.വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥി എബ്രഹാം ബെൻസനെ സ്കൂളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവിധേയനായ ക്ലർക്ക് ജെ.സനലിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
കൊല്ലം മേഖലാ അസിസ്റ്റന്റ് ഡയറക്ടറും സ്കൂൾ പ്രിൻസിപ്പലും സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസാണ് ഉത്തരവിറക്കിയത്. സ്കൂൾ സീലെടുത്തത് സംബന്ധിച്ച് എബ്രഹാം ബെൻസണും ജെ.സനലും തമ്മിൽ അനാവശ്യ സംസാരം നടന്നിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മയോട് സ്കൂളിലെത്താൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ വിദ്യഭ്യാസ വകുപ്പ് തുടരന്വേഷണം നടത്തും.
കുറ്റിച്ചൽ എരുമക്കുഴി സായൂജ്യ ഹൗസിൽ ബെന്നി ജോർജ്-സംഗീത ദമ്പതികളുടെ മകൻ എബ്രഹാം ബെൻസനെ വെള്ളിയാഴ്ച പുലർച്ചെ സ്കൂൾ കെട്ടിടത്തിന്റെ പടിക്കെട്ടിന്റെ ജനൽഭാഗത്ത് തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു. സനലുമായുണ്ടായ തർക്കവും പരീക്ഷയെഴുതാൻ കഴിയില്ലെന്ന ഭയവുമാണ് മരണത്തിന് കാരണമെന്ന് വീട്ടുകാർ ആരോപിച്ചിരുന്നു. തുടർന്ന് മന്ത്രി വി.ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മുമ്പ് ജോലി ചെയ്തിരുന്ന മൈലം ജി.വി.രാജ സ്കൂളിൽ കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി സനലിനെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് വക്കം ഗവൺമെന്റ് സ്കൂളിൽ ജോലിയിൽ പ്രവേശിപ്പിച്ചു. ഇവിടെയും ഇതേ രീതി പിന്തുടർന്നതോടെയാണ് പരുത്തിപ്പള്ളി സ്കൂളിലേയ്ക്ക് സ്ഥലം മാറ്റിയത്.
പൊലീസിന് ഇന്ധനകുടിശിക
തീർക്കാൻ 47ലക്ഷം
തിരുവനന്തപുരം: പൊലീസ് കൺസ്യൂമർ പമ്പിലേക്ക് ഇന്ത്യൻ ഓയിൽ കോർപറേഷനിൽ നിന്ന് ഇന്ധനം വാങ്ങിയതിലെ കുടിശിക തീർക്കാൻ 47.24ലക്ഷം രൂപ അനുവദിച്ചു. ജനുവരി 7മുതൽ 23വരെയുള്ള കുടിശികയാണിത്. പണം അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |