കോഴിക്കോട്: ഇനിയും മടിക്കേണ്ട, പരിശോധന നടത്താം 'ആരോഗ്യം ആനന്ദം' ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിന് ജില്ലയിൽ സ്വീകാര്യതയേറുന്നു. കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ഈ മാസം നാലിന് ആരംഭിച്ച ക്യാമ്പയിനിൽ ഇന്നലെ വരെ സ്ക്രീനിംഗിന് വിധേയരായത് ആയിരക്കണക്കിന് സ്ത്രീകൾ. സ്തനാർബുദ സ്‌ക്രീനിംഗ് വിധേയരായ 6911 പേരിൽ 266 പേരെ തുടർ പരിശോധനയ്ക്ക് റഫർ ചെയ്തു. ഗർഭാശയഗള ക്യാൻസർ സ്‌ക്രീനിംഗ് ചെയ്ത 2371 പേരിൽ 142 പേരോട് തുടർ പരിശോധന നിർദ്ദേശിച്ചു. സ്ത്രീകളിൽ പ്രധാനമായും കണ്ടുവരുന്ന സ്തനാർബുദം, ഗർഭാശയഗള ക്യാൻസർ എന്നിവയുടെ പരിശോധനയാണ് ക്യാമ്പയിനിലൂടെ നടക്കുന്നത്. 30നും 65 വയസിനും ഇടയിലുള്ള സ്ത്രീകളെയാണ് ആദ്യഘട്ടത്തിൽ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. രോഗസാദ്ധ്യത കണ്ടെത്തുന്നവർക്ക് വിവിധ ഘട്ടങ്ങളിലായി ഉപരിതല പരിശോധനകൾ ഉറപ്പാക്കും. ബി.പി.എൽ വിഭാഗത്തിന് തുടർ ചികിത്സ സൗജന്യമാണ്. ജില്ലയിലെ പി.എച്ച്.എസ്.സി, എഫ്.എച്ച്.എസ്.സി. അർബൻ ഹെൽത്ത് സെന്ററുകൾ, താലൂക്ക് ആശുപത്രി, ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ സ്‌ക്രീനിംഗിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്.
പരിശോധന നടത്താം
പല ക്യാൻസറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാക്കാൻ സാധിക്കുന്നതാണ്. സ്വയം പരിശോധനയിലൂടെ ഇവ കണ്ടെത്താൻ കഴിയാറില്ല. അതിനാൽ സ്ത്രീകൾ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തി സ്‌ക്രീനിംഗ് നടത്തണം. ഇതിനായി വിവിധ തൊഴിലിടങ്ങളിൽ ആരോഗ്യ പ്രവർത്തകർ നേരിട്ടെത്തിയാണ് ബോധവത്ക്കരണം നൽകുന്നത്. ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികമായ മുഴകളോ മരവിപ്പോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടെങ്കിൽ സ്‌ക്രീനിംഗിൽ പങ്കെടുക്കുമ്പോൾ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം. രോഗം സംശയിക്കുന്നവർ വിദഗ്ദ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കും തയ്യാറാവണം.
ജില്ലയിൽ 102 സ്‌ക്രീനിംഗ് കേന്ദ്രങ്ങൾ
ഫെബ്രു. നാലിന് ആരംഭിച്ച സ്ക്രീനിംഗ് മാർച്ച് എട്ട് വരെ.
വളരെ ലളിതമായി ചെയ്യാവുന്ന പരിശോധന
ബി.പി.എൽ വിഭാഗത്തിന് തുടർ ചികിത്സ സൗജന്യം
പരിശോധനയ്ക്ക്
വിധേയരായവർ
സ്താനാർബുദം- 6911
സാദ്ധ്യത -266
ഗർഭാശയഗള ക്യാൻസർ -2371
സാദ്ധ്യത-142
'' 'ആരോഗ്യം ആനന്ദം' ക്യാമ്പയിൻ നമ്മുടെ ആരോഗ്യത്തിനും ജീവിതത്തിനും വേണ്ടിയാണ്. പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടു പിടിച്ച് ചികിത്സിച്ചാൽ പരിപൂർണമായും മാറ്റിയെടുക്കാം. അതിനായി എല്ലാ സ്ത്രീകളും പരിശോധന നടത്തണം''-ഡോ.രാജേന്ദ്രൻ, ഡി.എം.ഒ, കോഴിക്കോട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |