തിരുവനന്തപുരം: ഉത്സവങ്ങളിൽ എഴുന്നള്ളിക്കുന്ന ആനകൾ തമ്മിലും ആനയും ജനങ്ങളും തമ്മിലും നിശ്ചിത അകലം പാലിക്കണമെന്ന നാട്ടാന പരിപാലന ചട്ടം കർശനമായി നടപ്പാക്കാൻ വനംവകുപ്പ്. കൊയിലാണ്ടിയിലെ ക്ഷേത്രത്തിൽ മൂന്നുപേർ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണിത്. 2012ലെ ചട്ടവ്യവസ്ഥകൾ പരിഷ്കരിക്കാനും നടപടി തുടങ്ങി.
എഴുന്നള്ളിപ്പ് സമയങ്ങളിൽ ആനകൾ തമ്മിൽ 3 മീറ്ററും തീവെട്ടിയുമായി 5 മീറ്ററും ജനങ്ങളുമായി 10 മീറ്ററും അകലം പാലിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം വിവാദത്തിനിടയാക്കിയിരുന്നു. സുപ്രീംകോടതി ഈ നിർദ്ദേശം സ്റ്റേ ചെയ്തെങ്കിലും നിലവിലെ ചട്ടം പാലിക്കാൻ നിർദ്ദേശിച്ചിരുന്നു. പക്ഷേ, വീഴ്ചവരുത്തുകയാണ്.
ചില ക്ഷേത്രങ്ങളിലെ സാഹചര്യങ്ങൾ പരിഗണിച്ച് ആനകൾ തമ്മിലുള്ള അകലം ഡി.എഫ്.ഒയും ജില്ലാ പൊലീസ് മേധാവിയും ഉൾപ്പെടുന്ന മോണിറ്ററിംഗ് കമ്മിറ്റിക്ക് നിശ്ചയിക്കാം. ഇവിടെയും അകലം കൃത്യമായി ഉറപ്പാക്കണമെന്നാണ് വനംവകുപ്പിന്റെ നിലപാട്.
ഇതുസംബന്ധിച്ച വ്യവസ്ഥകൾ പുതുക്കുന്ന നാട്ടാന പരിപാലന ചട്ടത്തിൽ ഉൾപ്പെടുത്തും. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതിക്ക് വിധേയമായി മാത്രമേ ആന എഴുന്നള്ളിക്കാവൂ. കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്യാത്ത ആരാധനാലയങ്ങൾക്ക് ആനയെഴുന്നള്ളിപ്പിന് അനുമതി കിട്ടില്ല. ഉത്സവ തീയതിക്ക് ഒരു മാസം മുമ്പ് അപേക്ഷ നൽകണം. ആനകൾ തമ്മിലുള്ള അകലം ഉറപ്പാക്കുന്നതിന് ബാരിക്കേഡ്, വടം തുടങ്ങിയ നിർദ്ദേശങ്ങളും വനംവകുപ്പ് പരിഗണിക്കുന്നുണ്ട്.
വിശ്രമം നിർബന്ധം, പക്ഷേ...
മദപ്പാട്, രോഗം, പരിക്ക്, ക്ഷീണം എന്നിവയുള്ള ആനകളെ എഴുന്നള്ളിക്കരുതെന്ന് നിലവിലെ ചട്ടത്തിൽ പറയുന്നുണ്ട്. ഇടവേളയില്ലാതെ എഴുന്നള്ളിപ്പിന് ആനയെ ഉപയോഗിക്കരുത്. മതിയായ വിശ്രമം നൽകുന്നുണ്ടെന്ന് ഫിറ്റ്നെസ് നൽകുന്ന വെറ്ററിനറി ഡോക്ടർ ഉറപ്പാക്കണം. കടുത്ത സൂര്യപ്രകാശത്തിലും പടക്കം പൊട്ടിക്കുന്നിടത്തും ആനകളെ നിറുത്തരുത്. കാലുകളോട് ചേർത്തുകെട്ടിയ ഇടച്ചങ്ങലയും മാലച്ചങ്ങലയുമുണ്ടെന്ന് ഉറപ്പാക്കണം. അഞ്ചോ അതിലധികമോ ആനകളെ പങ്കെടുപ്പിക്കുന്നുണ്ടെങ്കിൽ എലിഫന്റ് സ്ക്വാഡിലെ വെറ്ററിനറി ഡോക്ടറുടെ സേവനം ഉറപ്പാക്കണം എന്നിവയൊക്കെ ചട്ടത്തിലുണ്ട്
എഴുന്നള്ളിക്കാൻ 290
ആനകൾ മാത്രം
700ൽ അധികം നാട്ടാനകൾ ഉണ്ടായിരുന്നിടത്ത് 390 ആനകൾ മാത്രമാണുള്ളത്. അതിൽ 290 ആനകളെ മാത്രമേ ഉത്സവങ്ങളിൽ പങ്കെടുപ്പിക്കാനാവൂ. എണ്ണം കുറഞ്ഞതോടെ വിശ്രമമില്ലാതെ ആനകളെ കൂടുതൽ ഉത്സവങ്ങളിൽ പങ്കെടുപ്പിക്കുന്നു. മതിയായ വെള്ളവും ആഹാരവും ഉറപ്പാക്കുന്നില്ല. അതോടൊപ്പം കതിനയും ഡി.ജെ സൗണ്ട് സിസ്റ്റവും പോപ്പർ മെഷീനും നാസിക് ഡോളുമൊക്കെ ഉപയോഗിക്കുന്നത് ആനകളെ അസ്വസ്തരാക്കുന്നുണ്ടെന്ന് ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
ആനകളെ എഴുന്നള്ളിച്ചതിൽ
വീഴ്ചയുണ്ടായി: മന്ത്രി ശശീന്ദ്രൻ
കൊയിലാണ്ടി: കുറുവങ്ങാട് ക്ഷേത്രത്തിൽ ആനകളെ എഴുന്നള്ളിച്ചതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. ആന ഇടഞ്ഞ് മൂന്നുപേർ മരിക്കാനിടയായ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നാട്ടാന പരിപാലന നിയമ പ്രകാരമുള്ള നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നാണ് ജില്ലാ ഭരണകൂടത്തിന്റെയും മോണിറ്ററിംഗ് കമ്മിറ്റിയുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും കണ്ടത്തലുകൾ. റിപ്പോർട്ട് പരിശോധിച്ചശേഷം തെറ്റ് ചെയ്തവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കും. ക്ഷേത്ര പരിസരത്ത് നടത്തിയ വെടിക്കെട്ടുമായി ബന്ധപ്പെട്ട് വേണ്ടത്ര ശുഷ്കാന്തി കാണിച്ചില്ലെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. വെടിക്കെട്ടിന്റെ ശബ്ദം ആനകളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകേണ്ടത് അതത് ക്ഷേത്ര കമ്മിറ്റികളുടെ ചുമതലയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |