തിരുവനന്തപുരം: സർക്കാർ സ്കൂളുകൾക്ക് കിട്ടുന്ന അടിസ്ഥാന സൗകര്യ വികസനങ്ങൾ എയ്ഡഡ് മേഖലയ്ക്ക് കൂടി ലഭ്യമാക്കണമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. സർക്കാരിന്റെ സാമ്പത്തിക സഹായം അടക്കമുള്ളവ ലഭിക്കുന്നതിന് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ചർച്ച നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കേരള പ്രൈവറ്റ് (എയ്ഡഡ്) സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ (കെ.പി.എസ്.എം.എ) സംസ്ഥാന സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച സംഭാവനകൾ നൽകിയിട്ടുള്ള എയ്ഡഡ് മേഖലയെ മാറ്റിനിറുത്തേണ്ടതില്ല. സ്മാർട്ട് ക്ലാസുകൾ അടക്കമുള്ള ആധുനിക വിദ്യാഭ്യാസ സജ്ജീകരണങ്ങൾ ഗവ. സ്കൂളുകൾക്ക് ലഭ്യമാക്കുമ്പോൾ ചുരുങ്ങിയ സൗകര്യങ്ങളുമായി മുന്നോട്ടുപോകുന്ന മാനേജ്മെന്റ് സ്കൂളുകൾക്ക് ഇവയൊക്കെ അപ്രാപ്യമാകുന്നു. അത്തരം ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാരുമായി കെ.പി.എസ്.എം.എ അടക്കമുള്ള മാനേജ്മെന്റ് സംഘടനകൾ ചർച്ച ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
രണ്ട് ദിവസമായി ബിഷപ് പെരേര ഹാളിൽ നടന്ന സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തിൽ കെ.പി.എസ്.എം.എ സംസ്ഥാന പ്രസിഡന്റ് നാസർ എടരിക്കോട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മണി കൊല്ലം, ട്രഷറർ എസ്.രാധാകൃഷ്ണൻ പാലക്കാട്, രക്ഷാധികാരി തോട്ടയ്ക്കാട് ശശി തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |