ചെങ്ങന്നൂർ : മദ്ധ്യതിരുവിതാംകൂറിൽ തിരുവൻവണ്ടൂർ മേഖലയിലെ നാടൻ ശർക്കര ദേശപ്പെരുമയിൽ മുന്നിലാണെങ്കിലും അവശേഷിക്കുന്ന കർഷകരും നാൾക്കുനാൾ കരിമ്പുകൃഷി ഉപേക്ഷിക്കാനൊരുങ്ങുന്നു. സർക്കാരിന്റെയും കൃഷി വകുപ്പിന്റെയും അവഗണനയും ഉൽപാദനച്ചെലവ് വർദ്ധിക്കുന്നതും അന്യസംസ്ഥാനത്തുനിന്നെത്തുന്ന വ്യാജ ശർക്കര, വിപണി കീഴടക്കുന്നതുമാണ് നാടൻ കർഷകരെ വലയ്ക്കുന്നത്. നഷ്ടം സഹിച്ച് ശർക്കര വിപണിയിൽ ഇറക്കാൻ നാടൻ ശർക്കര നിർമ്മാതാക്കൾ ശ്രമിക്കുമ്പോഴും കൂടുതൽ കഷ്ടത്തിലാകുകയാണ് ഇക്കൂട്ടർ. മധുരം കൂടുതലും തരിയുമുള്ള ശർക്കര ലഭിക്കുന്ന 'മാധുരി' ഇനം കരിമ്പാണ് ചെങ്ങന്നൂരിൽ കൃഷി ചെയ്യുന്നത്. 'മാധുരി' ഇനത്തിന്റെ സവിശേഷതയും പമ്പാതീരത്തെ എക്കൽ മണ്ണിന്റെ പ്രത്യേകതയും ചേരുമ്പോൾ ഇവിടെ ഉൽപാദിപ്പിക്കുന്ന ശർക്കര സ്വാദിലും നിറത്തിലും ഒന്നാംസ്ഥാനത്ത് നിൽക്കുന്നു. എന്നിട്ടും ഗുണനിലവാരത്തിൽ ഏറെ പിന്നിൽ നിൽക്കുന്ന അന്യ സംസ്ഥാന ശർക്കരകൾ വിപണി കീഴടക്കുകയാണ്. പഞ്ചസാരയടക്കം മായം ചേർത്ത വ്യാജ ശർക്കരയാണ് അന്യ സംസ്ഥാനത്തേത്. എങ്കിലും യഥാർത്ഥ ശർക്കര, വ്യാജ ശർക്കര എന്നിവ തിരിച്ചറിയാതെ കേരളത്തിൽ ഗുണഭോക്താക്കൾ വഞ്ചിക്കപ്പെടുകയാണെന്ന് കർഷകർ പറയുന്നു.
കൃഷി കുറയുന്നു
മേഖലയിൽ കരിമ്പ് കൃഷിയുടെ അളവ് കുറഞ്ഞുവരുന്നതായാണ് കണക്ക്. ആലപ്പുഴ, പത്തനംതിട്ട ജില്ലയുൾപ്പെട്ട ചെങ്ങന്നൂർ, തിരുവല്ല താലൂക്കിലെ വിവിധ പഞ്ചായത്തുകളിലായി ആയിരക്കണക്കിന് ഹെക്ടറിൽ വ്യാപിച്ചുകിടന്ന കരിമ്പുകൃഷി ഇന്ന് നൂറുകണക്കിന് ഏക്കറിലേക്ക് ചുരുങ്ങി. പമ്പാ, മണിമല, വരട്ടാർ നദികളുടെ തീരത്ത് വെള്ളപ്പൊക്കത്തെ അതിജീവിച്ച് നിൽക്കുന്ന വിളയെന്ന നിലയിലാണ് കരിമ്പിന് കർഷകരുടെ ഇടയിൽ പ്രാമുഖ്യം ലഭിച്ചത്. വളഞ്ഞവട്ടത്തെയും പന്തളത്തെയും പഞ്ചസാര മില്ലുകൾ ടൺകണക്കിന് കരിമ്പ് ഇവിടെ നിന്നും വാങ്ങി കരിമ്പ് കൃഷിയെ പ്രോത്സാഹിപ്പിച്ചിരുന്നു. ഇന്ന് അത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും നിലച്ച സ്ഥിതിയിലാണ്.
കരിമ്പുകൃഷിയെ വിളയായി അംഗീകരിച്ചിട്ടില്ലെന്ന് കർഷകർ
സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകാത്തപക്ഷം അവശേഷിക്കുന്ന കരിമ്പുകൃഷിയും ഇല്ലാതാകുമെന്ന ആശങ്കയിലാണ് കരിമ്പു കർഷകർ. അന്യസംസ്ഥാനങ്ങളിൽ കരിമ്പ് കർഷകർക്ക് സബ്സിഡിയിൽ വളവും വൈദ്യുതിയും നൽകുന്നതോടൊപ്പം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങളും നൽകുന്നു. എന്നാൽ കരിമ്പുകൃഷിയെ കേരളത്തിൽ വിളയായിട്ട് പോലും അംഗീകരിച്ചിട്ടില്ല കർഷകർ ചൂണ്ടിക്കാട്ടുന്നു.
...............................
തമിഴ്നാട്ടിൽ നിന്നുള്ള ശർക്കരയുടെ വരവും ഉദ്പാദനച്ചെലവ് കൂടി, കരിമ്പ് കൃഷിമുന്നോട്ട് കൊണ്ടുപോകാൻ പ്രയാസമാണ്
(ശശി കുട്ടൻ )
......................................
ഉദ്പാദനച്ചിലവ് കൂടി, വില കുറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |