തീരുമാനം കൗൺസിൽ യോഗത്തിൽ
തിരുവനന്തപുരം: കോട്ടയം ഗവ. നഴ്സിംഗ് കോളേജിലെ റാഗിംഗ് കേസിൽ പ്രതികളായ അഞ്ച് വിദ്യാർത്ഥികളുടെയും തുടർപഠനം വിലക്കി നഴ്സിംഗ് കൗൺസിൽ. ഇന്നലെ അടിയന്തരമായി ഓൺലൈനിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം.
പ്രതികളായ വിവേക്, സാമുവൽ, ജീവ, രാഹുൽ രാജ്, റിജിൽ എന്നിവരുടെ തുടർപഠനമാണ് തടയുക. കൗൺസിൽ തീരുമാനം പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ.റീന രേഖാമൂലം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറും. തുടർന്ന് ശുപാർശ സർക്കാരിലേക്കെത്തും.
കോളേജ് ഹോസ്റ്റലിൽ റാഗിംഗ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പ്രിൻസിപ്പൽ പ്രൊഫ. എ.ടി.സുലേഖ, അസി. വാർഡന്റെ ചുമതലയുള്ള അസി. പ്രൊഫസർ അജീഷ് പി.മാണി എന്നിവരെ വെള്ളിയാഴ്ച അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. ഹൗസ് കീപ്പർ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കാനും ഉത്തരവായി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നടത്തിയ അന്വേഷണത്തെ തുടർന്നായിരുന്നു നടപടി.
നടന്നത് ക്രൂരമായ റാഗിംഗ്
ക്രൂരമായ റാഗിംഗാണ് നടന്നതെന്നും കൗൺസിൽ തീരുമാനം കോളേജിനെയും സർക്കാരിനെയും അറിയിക്കുമെന്നും കൗൺസിൽ അംഗം പി.ഉഷാദേവി മാദ്ധ്യമങ്ങളോട് പറഞ്ഞു. സേവന മേഖലയിൽ മനുഷ്യത്വമുള്ളവരാണ് കടന്നുവരേണ്ടത്. ജനറൽ നഴ്സിംഗ് പഠിക്കുന്ന കുട്ടികളുടെ ബോർഡ് നഴ്സിംഗ് കൗൺസിലാണ്. പ്രതികൾക്കിനി കേരളത്തിൽ പഠിക്കാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു. ഇതേ കോളേജിൽനിന്ന് രണ്ടു വർഷം മുമ്പും പരാതി വന്നിരുന്നതായി കൗൺസിൽ അംഗം സിബി മുകേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |