തിരുവനന്തപുരം: പ്രാകൃതമായ റാഗിംഗിന് നേതൃത്വം നൽകുന്നത് സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. റാഗിംഗ് തടയാൻ ബി.ജെ.പി പ്രവർത്തകർ രംഗത്തിറങ്ങും.എല്ലാ ജില്ലകളിലും ആന്റി റാഗിംഗ് ഹെല്പ് ഡെസ്‌ക്കുകൾ പാർട്ടി ആരംഭിക്കും. കോട്ടയം ജില്ലയിൽ ആദ്യത്തെ ഹെൽപ്പ് ഡെസ്‌ക് നിലവിൽ വന്നുവെന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു .റാഗിംഗ് ഭീഷണിക്ക് ഇരയാകുന്ന വിദ്യാർത്ഥികളെ സംരക്ഷിക്കാൻ നടപടികൾ കൈക്കൊള്ളും.
ഭീകരവാദ സംഘടനകളെപോലും നാണിപ്പിക്കുന്ന തരത്തിലുള്ള സാമൂഹ്യവിരുദ്ധ സംഘടനയായി എസ്.എഫ്.ഐ മാറിയെന്ന് കുറ്റപ്പെടുത്തി.
എസ്.എഫ്.ഐയെ ഒറ്റപ്പെടുത്താൻ കേരളത്തിലെ എല്ലാ ജനങ്ങളും ഒന്നിക്കണം. സാമൂഹ്യവിരുദ്ധർക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധ സമരങ്ങൾക്ക് ബി.ജെ.പി നേതൃത്വം നൽകും. കാടത്തരം തുടർന്നാൽ ജനങ്ങൾ കൈകാര്യം ചെയ്യുമെന്നും കെ.സുരേന്ദ്രൻ ഓർമ്മിപ്പിച്ചു.
പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ ദാരുണമായ കൊലപാതകത്തിനുശേഷവും പ്രാകൃതമായ പ്രവൃത്തികൾ തുടരുന്നത് മുഖ്യമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും ഒത്താശയോടെയാണ്. റാഗിംഗ് കേസുകളിലെ പ്രതികൾക്ക് പരീക്ഷ എഴുതാനുള്ള സംവിധാനം ഒരുക്കി കൊടുക്കുക, കേസുകളിൽ നിന്നു രക്ഷപ്പെടുത്തുക തുടങ്ങിയ സമീപനമാണ് പൊലീസ് നടത്തുന്നത്.
വയനാടിന് നൽകിയത്
ഫലത്തിൽ ഗ്രാന്റ്
50 വർഷത്തേക്കുള്ള വായ്പ എന്നത് ഫലത്തിൽ ഒരു ഗ്രാന്റ് തന്നെയാണെന്ന് വയനാടിന് കേന്ദ്രസർക്കാർ അനുവദിച്ച 530 കോടിയെ പറ്റിയുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സുരേന്ദ്രൻ മറുപടി നൽകി. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത് നിക്ഷേപ മൂലധന വായ്പ തന്നെയാണ്. വയനാടിന്റെ പുനരധിവാസമാണ് അടിയന്തരമായി സർക്കാർ ചെയ്യേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |