ന്യൂഡൽഹി: ആഗോള ജനാധിപത്യം ഭീഷണിയിലാണെന്ന പാശ്ചാത്യ രാജ്യങ്ങളിലെ പ്രതിനിധികളുടെ വാദങ്ങൾ തള്ളി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിന്റെ ഭാഗമായുള്ള പാനൽ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ മൂല്യങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മഷി പുരണ്ട വിരൽ ഉയർത്തിക്കാട്ടിയാണ് അദ്ദേഹം സംസാരിച്ചത്. ജനാധിപത്യ മൂല്യങ്ങൾ പാലിക്കാത്ത പടിഞ്ഞാറൻ രാജ്യങ്ങളെ വിമർശിച്ച അദ്ദേഹം ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങളെ കുറിച്ചും സംസാരിച്ചു.
'എന്റെ ഈ വിരൽ ഉയർത്തിപ്പിടിച്ചുകൊണ്ട് തുടങ്ങാം. ഇത് മോശമായി കരുതരുത്. ഇത് ചൂണ്ടുവിരലാണ്. എന്റെ നഖത്തിൽ കാണുന്ന അടയാളം ഇപ്പോൾ വോട്ട് ചെയ്ത അടയാളമാണ്. എന്റെ സംസ്ഥാനത്ത് ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞു. കഴിഞ്ഞ വർഷം ഞങ്ങൾക്ക് ഒരു ദേശീയ തിരഞ്ഞെടുപ്പും ഉണ്ടായിരുന്നു. ഇന്ത്യൻ തിരഞ്ഞെടുപ്പുകളിൽ മൂന്നിൽ രണ്ട് വോട്ടർമാരും വോട്ട് ചെയ്യുന്നു. ദേശീയ തിരഞ്ഞെടുപ്പുകളിൽ ഏകദേശം 90 കോടി വോട്ടർമാരിൽ 70 കോടി പേരും വോട്ട് ചെയ്യുന്നു. ഒറ്റ ദിവസത്തിനുള്ളിൽതന്നെ ആ വോട്ടുകളെല്ലാം എണ്ണുന്നു.' -ജയശങ്കർ പറഞ്ഞു.
ഒരു രാജ്യത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ ജനാധിപത്യത്തിലൂടെ പരിഹരിക്കാനാകില്ലെന്ന യു.എസ് സെനറ്റർ എലിസ സ്ലോട്ട്കിന്റെ പരാമർശത്തെ ജയശങ്കർ എതിർത്തു. ജനാധിപത്യം മേശപ്പുറത്ത് ഭക്ഷണം വയ്ക്കില്ലെന്ന അവരുടെ പരാമർശത്തിന് ഇന്ത്യ ഒരു ജനാധിപത്യ സമൂഹമാണെന്നും 80 കോടി ആളുകൾക്ക് പോഷകാഹാരം
നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരവധി വെല്ലുവിളികളുണ്ടായിട്ടും കുറഞ്ഞ വരുമാനത്തിലും ജനാധിപത്യ മാതൃകയിൽ സത്യസന്ധത പുലർത്താൻ ഇന്ത്യക്ക് സാധിച്ചു. ഇത്തരം മാതൃകകളെ പാശ്ചാത്യ രാജ്യങ്ങളും സ്വീകരിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുമ്പുള്ളതിനേക്കാൾ 20 ശതമാനം കൂടുതൽ ആളുകൾ ഇന്ന് വോട്ടു ചെയ്യുന്നു. അതുകൊണ്ടുതന്നെ ആഗോളതലത്തിൽ ജനാധിപത്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞാൽ അത് അംഗീകരിക്കില്ല. അതായത് ഞങ്ങൾ സുഖമായി ജീവിക്കുന്നു. വോട്ടും ചെയ്യുന്നു. ഞങ്ങളുടെ ജനാധിപത്യത്തിന്റെ ദിശയെ കുറിച്ച് ഞങ്ങൾ ശുഭാപ്തി വിശ്വാസികളാണ്'.-അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |