മൂന്നാർ: മൂന്നാറിൽ നിന്ന് തേക്കടിയിലേക്ക് പോവുകയായിരുന്ന വിദേശ വിനോദസഞ്ചാരികളുടെ കാർ കാട്ടാന കുത്തിമറിച്ചു. തലകീഴായി മറിഞ്ഞ കാറിൽ നിന്ന് സഞ്ചാരികൾ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 11 മണിയോടെ ദേവികുളം സിഗ്നൽ പോയിന്റിന് സമീപത്തായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. ലിവർപൂളിൽ നിന്ന് കേരളം കാണാനെത്തിയ നാല് വിദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. ഇതിനിടെ റോഡിന് മുകൾ ഭാഗത്ത് കാട്ടാനയെ കണ്ട് ഡ്രൈവർ വാഹനം സ്ലോ ചെയ്ത് തിരിച്ചുപോകാനുള്ള ശ്രമത്തിനിടെ പാഞ്ഞടുത്ത ആന വാഹനം ചവിട്ടി മറിച്ചിടുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ എത്തി കാർ ഉയർത്തിയാണ് ഉള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. ആന ചവിട്ടിയതോടെ കാർ റോഡിൽ തലകീഴായി മറിയുകയായിരുന്നെന്ന് ടാക്സി ഡ്രൈവർ രതീഷ് പറഞ്ഞു. വിനോദസഞ്ചാരികൾക്ക് കാര്യമായ പരിക്കുകളില്ലെന്നും വാഹനത്തിന് കേടുപാടുകൾ സംഭവിച്ചെന്നും ഡ്രൈവർ പറഞ്ഞു. ഇവരെ പിന്നീട് മറ്റൊരു വാഹനത്തിൽ തേക്കടിയിലേക്ക് വിട്ടു. കാർ ആക്രമിച്ചതിനു പിന്നാലെ സമീപത്തുണ്ടായിരുന്ന പശുവിനെയും കാട്ടാന ചവിട്ടിക്കൊന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ ആർ.ആർ.ടി സംഘം ആനയെ തുരത്തി. മോഴ ആനയാണ് ആക്രമണം നടത്തിയത്. മേഖലയിൽ കണ്ട് പരിചയമില്ലാത്ത ആനയാണെന്നും ഇത് എവിടെ നിന്നാണ് വന്നതെന്ന് വ്യക്തതയില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇനിയും ആക്രമണം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയതായി വനംവകുപ്പ് അറിയിച്ചു. മൂന്നാർ മേഖലയിൽ തുടർച്ചയായി പടയപ്പയെന്ന കൊമ്പൻ ആക്രമണം തുടരുന്നതിനിടെയാണ് പുതിയ കാട്ടാന കൂടി ഇറങ്ങിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |