കൊച്ചി: മെട്രോ സ്റ്റേഷനുകളിൽ ബെവ്‌കോയുടെ പ്രീമിയം മദ്യശാലകൾ തുടങ്ങാൻ തീരുമാനം. ആദ്യഘട്ടത്തിൽ വൈറ്റില, തൃപ്പൂണിത്തുറ വടക്കേക്കോട്ട സ്‌റ്റേഷനുകളിൽ ആരംഭിക്കും. വരുമാന വർദ്ധന ലക്ഷ്യമിട്ടാണ് കെ.എം.ആർ.എൽ അനുമതി നൽകിയത്. ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. പ്രവർത്തന മാനദണ്ഡങ്ങളിൽ വൈകാതെ തീരുമാനമുണ്ടാകും.
ഔട്ട്‌ലെറ്റ് പ്രവർത്തനത്തിനുള്ള എക്‌സൈസ് ലൈസൻസ് ബെവ്‌കോയ്ക്ക് ലഭിക്കാനുണ്ട്. ഇത് ലഭിക്കുന്ന മുറയ്‌ക്ക് തുടർനടപടികൾ ആരംഭിക്കും.ടെൻഡർ പ്രകാരമാണ് ബെവ്‌കോ സ്ഥലം പിടിച്ചതെന്നും എത്ര ചതുരശ്ര അടിയിൽ തുടങ്ങുമെന്നതടക്കമുള്ള കാര്യങ്ങളിൽ ബെവ്‌കോയാണ് അന്തിമ തീരുമാനം അറിയിക്കേണ്ടതെന്നും മെട്രോ അധികൃതർ കേരളകൗമുദിയോട് പറഞ്ഞു. അന്തിമ തീരുമാനമായിട്ടില്ലെന്നും ചർച്ചകൾ നടക്കുന്നതായും ബെവ്‌കോ വ്യക്തമാക്കി.
മുമ്പ് ബാങ്കുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും മെട്രോ സ്‌റ്റേഷനുകളിൽ സ്ഥലം അനുവദിച്ചിരുന്നു. ആലുവ, കമ്പനിപ്പടി സ്റ്റേഷനുകളിൽ എസ്.ബി.ഐ, ആലുവ സ്റ്റേഷനിൽ ഫെഡറൽ ബാങ്ക്, എം.ജി റോഡ് സ്‌റ്റേഷനിൽ കാനറ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ എന്നിവയ്ക്കാണ് സ്ഥലം അനുവദിച്ചത്. കളമശേരി മെട്രോ സ്‌റ്റേഷനിലും വാണിജ്യാടിസ്ഥാനത്തിൽ സ്ഥലം അനുവദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |