കോഴിക്കോട്: സംസ്ഥാനത്തിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് ആറുവരിയായി വികസിച്ച ദേശീയ പാത, മലയോര ഹൈവേ, തീരദേശ ഹൈവേ, കോവളം മുതൽ ബേക്കൽ വരെയുള്ള ജലപാത, ഇത്രയും വലിയ പദ്ധതികൾ പൂർത്തീകരിക്കുന്നതോടെ കേരളത്തിന്റെ ചിത്രം വലിയ രീതിയിൽ മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയോര ഹൈവേയുടെ പണി പൂർത്തിയായ ആദ്യ റീച്ചായ കോടഞ്ചേരി - കക്കാടംപൊയിൽ പാത ഉദ്ഘാടനവും മലപ്പുറം കോടഞ്ചേരി റീച്ചിന്റെ നിർമാണ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായ വളർച്ചയിലും നിക്ഷേപ സൗഹൃദാന്തരീക്ഷത്തിലും കേരളത്തെ ഒന്നാമതെത്തിച്ചതിൽ റോഡുകളുടെ വികസനം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. റോഡു വികസനത്തിലൂടെ നാടിന്റെ മൊത്തം വികസനമാണ് നടക്കുന്നത്. ആറുവരിപ്പാതയായി വികസിപ്പിക്കുന്ന ദേശീയപാതയ്ക്കു പുറമെയാണ് മലയോര, തീരദേശപാതകൾ കൂടി യാഥാർത്ഥ്യമാകുന്നത്. ഇതിനു രണ്ടിനും മാത്രം 10,000 കോടിയോളം രൂപ ചെലവുണ്ട്. അത് കിഫ്ബി വഴി സംസ്ഥാന സർക്കാരാണ് ചെലവഴിക്കുന്നത്. അതോടൊപ്പം കോവളം-ബേക്കൽ ജലപാതകൂടി വളരെ വേഗം പൂർത്തിയായി വരികയാണ്. തിരുവനന്തപുരം മുതൽ ചേറ്റുവ വരെയുള്ള ജലപാത ഏതാനും മാസങ്ങളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. വടകരയ്ക്ക് വടക്കോട്ട് ചില പുതിയ കനാലുകൾ കൂടി വരേണ്ടതുണ്ട്. അതും താമസിയാതെ സാദ്ധ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മേലേകൂമ്പാറ ആനകല്ലുമ്പാറ അകംപുഴ താഴെകക്കാട് ഭാഗത്ത് കണക്ടിംഗ് റോഡ് നിർമിക്കാൻ 26.25 കോടി രൂപ അനുവദിച്ചതായി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ലിന്റോ ജോസഫ് എം.എൽ.എ സ്വാഗതവും കേരള റോഡ് ഫണ്ട് ബോർഡ് ടീം ലീഡർ എസ്. ദീപു നന്ദിയും പറഞ്ഞു.
കിഫ്ബി ധനസഹായത്തോടെ 221.2 കോടി രൂപ ചെലവഴിച്ചാണ് മലയോര ഹൈവേ നിർമിച്ചത്. 34 കിലോമീറ്റർ ദൂരമുള്ള റോഡിൽ 2 പാലങ്ങളും നിർമിച്ചിട്ടുണ്ട്. 12 മീറ്റർ വീതിയാണുള്ളത്.പാതയുടെ ഇരുവശത്തും ഓടകളും ഭൂഗർഭ കേബിളുകളും പൈപ്പുകളും കടന്നുപോകുന്നതിനുള്ള സംവിധാനങ്ങളും സൗരോർജ്ജ വിളക്കുകളും സിഗ്നൽ ലൈറ്റുകളും ഒരുക്കിയിട്ടുണ്ട്. പ്രധാന കവലകളിൽ കോൺക്രീറ്റ് കട്ടകൾ പാകിയ നടപ്പാതകൾ, ബസ് സ്റ്റോപ്പുകൾ, കൈവരികൾ എന്നിവയുമുണ്ട്. കേരള റോഡ് ഫണ്ട് ബോർഡാണ് പദ്ധതിയുടെ നിർവഹണ ഏജൻസി. ഊരാളുങ്കൽ ലേബർ സൊസൈറ്റി ആണ് റീച്ചിന്റെ നിർമാണം കരാർ എടുത്ത് പൂർത്തിയാക്കിയത്. 2016 ൽ അധികാരത്തിൽ വന്ന സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായിരുന്നു മലയോര ഹൈവേ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |