കൊല്ലം: മാദ്ധ്യമപ്രവർത്തനം ജീവൻ അപകടത്തിലാക്കുന്ന തൊഴിലായി മാറിയെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 'നാലാം തൂണിന് ക്ഷതമേൽക്കുമ്പോൾ" എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ മാദ്ധ്യമ പ്രവർത്തകർക്കുനേരേ ഉണ്ടാകുന്ന അതിക്രമങ്ങൾക്ക് ഉത്കണ്ഠപ്പെടുത്തുന്ന വേഗമാണ്. ആക്രമണങ്ങൾക്ക് പിന്നിൽ ഭരണകൂടത്തിന്റെ ഭാഗമായി നിൽക്കുന്ന വർഗീയതയും നിക്ഷിപ്ത താത്പര്യങ്ങളുമുണ്ട്. ഗാന്ധിജിയുടെ ജീവനെടുത്ത അതേ തോക്കിൽ നിന്നാണ് ഗൗരി ലങ്കേഷിനുനേരെയും വെടിയുതിർത്തത്. എന്നാൽ ഗാന്ധിജി വധിക്കപ്പെട്ടതാണെന്ന കാര്യം മറച്ചുവയ്ക്കുന്ന മാദ്ധ്യമങ്ങളുണ്ട്. ഇന്ത്യയിൽ മാദ്ധ്യമ പ്രവർത്തകർ കൊല്ലപ്പെട്ട പകുതിയിലേറെ സംഭവങ്ങളുടെ പിന്നിലും ഭൂമാഫിയയും ഖനി മാഫിയയുമാണ്. അവരുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി വാർത്ത കൊടുത്തതാണ് കാരണം. മൂലധന ഭീകരതയും ഭരണകൂട ഭീകരതയും മാദ്ധ്യമങ്ങൾക്കുനേരേ ഉണ്ടാകുന്നു. മാദ്ധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാൻ സംവിധാനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എൻ.റാം സെമിനാർ ഉദ്ഘാടനം ചെയ്തു. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ്, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, മാതൃഭൂമി കൊല്ലം ബ്യൂറോ ചീഫ് ജി.സജിത്ത്കുമാർ, ദേശാഭിമാനി മുൻ റസിഡന്റ് എഡിറ്റർ വി.ബി.പരമേശ്വരൻ, മാധ്യമം ജോയിന്റ് എഡിറ്റർ പി.ഐ.നൗഷാദ്, മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു, സി.പി.എം കൊല്ലം ഏരിയ സെക്രട്ടറി എച്ച്.ബേസിൽലാൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |