കോഴിക്കോട്: വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയക്കെതിരെ അദ്ധ്യാപകസമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മുതലക്കുളം മെെതാനത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടുത്ത അദ്ധ്യയന വർഷം ലഹരിക്കെതിരെ വലിയ ക്യാമ്പയിൻ നടത്തും. ലോകത്തിലെ ഭരണകൂടങ്ങളെ പോലും അട്ടിമറിക്കാൻ കെൽപ്പുള്ള ലഹരിമാഫിയ കണ്ണികളാണ് കേരളത്തിലും പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികളെ വാഹകരും ഉപയോക്താക്കളുമായി മാറ്റുന്നു. ഇതൊരു സാമൂഹ്യ വിപത്താവുകയാണ്. സ്കൂളുകളിൽ ഇതിനെതിരെ നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ആപത്ത് തുടരുകയാണ്. കൂട്ടുകൂടി ലഹരിക്ക് അടിമപ്പെടുന്നുവെന്ന് കണ്ടാൽ കുട്ടികളെ അദ്ധ്യാപകർ പിന്തിരിപ്പിക്കണം. വിദ്യാലയ പരിസരത്ത് ജാഗ്രത പുലർത്തണം. പൊലീസിന്റെ സഹായം തേടണം. കൗൺസലിംഗും വേണ്ടിവരും. രക്ഷിതാക്കളെയും സ്ഥിതി ബോദ്ധ്യപ്പെടുത്തണം. ഇക്കാര്യങ്ങളൊന്നും പാഠഭാഗങ്ങളിലില്ല. പാഠഭാഗങ്ങൾ മാത്രം പഠിപ്പിച്ചാൽ പോര. ഇത്തരം പ്രവർത്തനങ്ങൾക്കും ഏറ്റവും വലിയ അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ സമയം കണ്ടെത്തണം. അവരെ സ്വന്തം കുട്ടികളെ പോലെ കരുതണം. അദ്ധ്യയനവർഷം തുടങ്ങിയിട്ടും പാഠപുസ്തകം കിട്ടാത്ത സ്ഥിതി ഇപ്പോഴില്ല. ശരാശരിയിൽ താഴെയുള്ള കുട്ടികളുടെ നിലവാരം ഉയർത്താൻ ശ്രമിച്ചാൽ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റമുണ്ടാകും.
ന്യൂനപക്ഷങ്ങളെ ശത്രുക്കളായി കാണുന്ന രീതിയാണ് കേന്ദ്രസർക്കാരിന്റേത്. അവരെ അക്രമിക്കുന്നവർക്ക് പിന്തുണ നൽകുന്നു. മുസ്ലിങ്ങളാണ് കൂടുതൽ അക്രമത്തിന് വിധേയരാകുന്നത്. ക്രിസ്ത്യാനികളുമുണ്ട്. ബി.ജെ.പിയെയും ആർ.എസ്.എസിനെയും ദുർബലപ്പെടുത്തണം. എന്നാൽ അതിനുള്ള നടപടി ത്വരിതപ്പെടുന്നില്ല. മുണ്ടക്കെെയ്ക്ക് കേന്ദ്രസഹായം നേടിയെടുക്കാൻ നാടാകെ ശബ്ദമുയർത്തണമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ് അദ്ധ്യക്ഷനായി. സമ്മേളനം ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |